2026ലെ ഐ.പി.എല്ലില്‍ വലിയ പ്രതീക്ഷകളുമായാണ് കളത്തിലിറങ്ങുന്നതെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കളത്തിലിറങ്ങുമ്പോഴെല്ലാം വിജയിക്കണമെന്നും കിരീടം നേടുന്നതിലാണ് ശ്രദ്ധയെന്നും അയ്യര്‍ പറഞ്ഞു. മാത്രമല്ല ടീമിനോടൊപ്പം മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഐ.പി.എല്ലില്‍ ഞങ്ങള്‍ ഒരു കുടുംബമായി മുന്നോട്ട് പോകുകയാണ്. ഞങ്ങള്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്നു. കൂടുതല്‍ സമയം ചെലവഴിക്കുന്തോറും പരസ്പരം നന്നായി അറിയാം സാധിക്കുന്നു. ഇപ്പോള്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനുള്ള സമയമാണ്.
ഒഴിവ് സമയങ്ങളില്‍ ഞങ്ങള്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള ഗെയിംസ് കളിക്കുന്നു. ഞങ്ങള്‍ മത്സരങ്ങള്‍ക്കായുള്ള പ്ലാനിങ് ഒന്നോ രണ്ടോ ദിവസം മുമ്പാണ് നടക്കുന്നത്. കളിക്കളത്തിന് പുറത്തുള്ള ബന്ധം ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ മികച്ചതാക്കാന്‍ ഞങ്ങളെ സഹായിക്കുന്നു.
ശ്രേയസ് അയ്യര്‍
പ്രതീക്ഷകള്‍ വളരെ വലുതാണ്, അതുകൊണ്ടുതന്നെ ഞങ്ങള്‍ വെല്ലുവിളിക്ക് തയ്യാറാണ്. കളിക്കളത്തില്‍ ഇറങ്ങുമ്പോഴെല്ലാം നമുക്ക് ജയിക്കേണ്ടി വരും. ട്രോഫി നേടുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ ശ്രേയസ് അയ്യര്‍ പറഞ്ഞു.
പഞ്ചാബിന് വേണ്ടി കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനമായിരുന്നു അയ്യര്‍ പുറത്തെടുത്തത്. 17 മത്സരങ്ങളില്‍ നിന്നും 644 റണ്‍സായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ ഐ.പി.എല്‍ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു.
2025ലെ ഐ.പി.എല്‍ ഫൈനലില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കിലും പഞ്ചാബിനെ ഫൈനലിലെത്തിച്ചതോടെ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാന്‍ സാധിക്കാത്ത ഒരു റെക്കോഡും അയ്യര്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റന്‍ ആവാനാണ് അയ്യരിന് സാധിച്ചത്.
ഇതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളെയാണ് അയ്യര്‍ ഫൈനലിലെത്തിച്ചത്. ഐ.പി.എല്‍ മെഗാ ലേലത്തില്‍ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ ലേലത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുക കൂടിയാണിത്.
അതേസമയം മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. പഞ്ചാബിന്റെ തട്ടകമായ മഹാരാജാ യാദവേന്ദ്ര സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Panjab Captain Shreyas Iyer Talking About His Team