| Tuesday, 1st July 2025, 11:19 am

ഫലസ്തീന് വേണ്ടി ശബ്ദമുയർത്തി; അറബ് നിയമസഭാംഗത്തെ ഇംപീച്ച്‌ ചെയ്യാനൊരുങ്ങി ഇസ്രഈൽ നെസെറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഫലസ്തീനെതിരായ ഇസ്രഈൽ യുദ്ധത്തെ വിമർശിച്ച ഇസ്രഈലിലെ അറബ് നിയമസഭാംഗം അയ്മാൻ ഒഡെയെ ഇംപീച്ച്‌ ചെയ്യാനൊരുങ്ങി ഇസ്രഈൽ നെസെറ്റ്.

രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിൽ, പ്രതിപക്ഷമായ യെഷ് ആറ്റിഡിന്റെയും നാഷണൽ യൂണിറ്റി പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങൾ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് 14-2 എന്ന നിലയിൽ വോട്ട് ചെയ്തു. അതേസമയം ഫലസ്തീൻ റാം, ഹദാഷ്-താൽ എന്നീ പാർട്ടികളിൽ നിന്നുള്ള രണ്ട് നെസെറ്റ് അംഗങ്ങൾ ഇംപീച്ച്മെന്റിനെ എതിർക്കുകയും ചെയ്തു. അറബ് ഭൂരിപക്ഷമുള്ള ഹദാഷ്-താൽ പാർട്ടിക്കാരനാണ് അയ്മാൻ ഒഡെ.

വിഷയം ഇതോടെ നെസെറ്റ് പ്ലീനത്തിലേക്ക് റഫർ ചെയ്യും. പ്ലീനത്തിൽ നിന്നും 90 നെസെറ്റ് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്‌താൽ ഒഡെയെ പാർലമെന്റിൽ നിന്ന് ഇംപീച്ച്‌ ചെയ്യും.

ഗസയിലെ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് ഒഡെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 471 ദിവസത്തെ തടവിന് ശേഷം ഹമാസ് മൂന്ന് ഇസ്രഈലി സ്ത്രീകളെ മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ബന്ദികളുടെ മോചനത്തിൽ സന്തുഷ്ടരാണെന്നും എല്ലാവർക്കും അധിനിവേശത്തിൽ നിന്ന് മോചനം വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

‘ബന്ദികളുടെ മോചനത്തിൽ ഞാൻ സന്തുഷ്ടനാണ്. രണ്ട് ജനതകളും അധിനിവേശത്തിന്റെ പിടിയിൽ നിന്നും നിന്ന് മോചിതരാകണം. നാമെല്ലാവരും സ്വതന്ത്രരായാണ് ജനിച്ചത്,’ അദ്ദേഹം കുറിച്ചു.

കഴിഞ്ഞ മാസം ഹൈഫയിൽ നടന്ന യുദ്ധവിരുദ്ധ പ്രകടനത്തിനിടെ നടത്തിയ പ്രസംഗത്തിന് ശേഷം ഒഡെ കൂടുതൽ വിമർശനങ്ങൾ നേരിട്ടു. ‘600 ദിവസത്തിലധികം കഴിഞ്ഞപ്പോൾ, ഈ ദിവസങ്ങൾ സംഭവിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട്. ഗസയിൽ പരാജയപ്പെട്ട വലതുപക്ഷ പ്രത്യയശാസ്ത്രത്തിന് ഇത് ചരിത്രപരമായ നഷ്ടമാണ്. ഗസ വിജയിച്ചു, ഗസ വിജയിക്കും,’ ഒഡെ പറഞ്ഞു.

പിന്നാലെ അദ്ദേഹത്തിനെതിരെ നെസെറ്റ് അംഗങ്ങൾ അദ്ദേഹത്തിനെതിരെ എത്തുകയായിരുന്നു. ഐ.ഡി.എഫ് സൈനികരുടെയും ഇസ്രഈൽ രാജ്യത്തിന്റെയും പിന്നിൽ കത്തി കൊണ്ട് കുത്തുന്ന വ്യക്തിയാണ് ഒഡെയെന്ന് നെസറ്റ് അംഗം അവിചായ് ബോറോൺ ആരോപിച്ചു.

അതേസമയം അറബ് ഇസ്രഈലികളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒഡെ വിമർശിച്ചു. ‘ഈ യുദ്ധത്തിന്റെ മറവിൽ, വർഷങ്ങളായി നമ്മൾ മുന്നോട്ട് കൊണ്ടുവരാൻ ആഗ്രഹിച്ച അഭിപ്രായ സ്വാതന്ത്ര്യത്തെ അവർ ഹനിക്കുകയാണ്,’ വോട്ടെടുപ്പിന് മുന്നോടിയായി നെസെറ്റിന് പുറത്ത് തന്റെ ഇംപീച്ച്‌മെന്റിനെതിരെ പ്രതിഷേധിച്ച പ്രകടനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒഡെ പറഞ്ഞു.

2024 ഫെബ്രുവരിയിൽ നടന്ന നെസെറ്റ് പ്ലീനത്തിൽ ഹദാഷ്-താൽ പാർട്ടിയുടെ നെസറ്റ് അംഗം ഫർ കാസിഫിനെ പുറത്താക്കാനുള്ള സമാനമായ ശ്രമം പ്രതിപക്ഷത്തിന്റെ മതിയായ പിന്തുണ ലഭിക്കാത്തതിനാൽ പരാജയപ്പെട്ടിരുന്നു.

Content Highlight: Panel votes to impeach Arab MK Ayman Odeh, paving way for possible ouster from Knesset

We use cookies to give you the best possible experience. Learn more