| Tuesday, 17th April 2018, 11:08 am

ഫിലിം റിവ്യു- വര്‍ണ്ണങ്ങള്‍ വിതറുന്ന പഞ്ചവര്‍ണ്ണതത്ത

അശ്വിന്‍ രാജ്

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാമിന്റെ കഴിഞ്ഞ കാല സിനിമകളില്‍ ഒട്ടു മിക്കതും നിരാശയാണ് സമ്മാനിച്ചത്. എറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ പല സിനിമകളും പക്ഷേ ബോക്‌സോഫീസില്‍ കൂപ്പുകുത്തുകയായിരുന്നു. പഴയ ജയറാമിന്റെ തിരിച്ച് വരവ് പ്രേക്ഷകര്‍ എല്ലാരും ആഗ്രഹിച്ചിരുന്നതുമാണ്. പഴയ ആ ജയറാമിന്റെ പുത്തന്‍ തിരിച്ച് വരവാണ് രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയിലൂടെ നടത്തിയത് എന്ന് നിസംശ്ശയം പറയാം.

ചാനല്‍ ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രശസ്തനായ രമേശ് പിഷാരടി സംവിധായകനാവുന്നെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ ഒരു കൗതുകമായിരുന്നു. സിനിമ എങ്ങിനെയായിരിക്കും എന്നത്. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്ത് ആയില്ല.പുഞ്ചിരിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ പിഷാരടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട്.

ജയറാമിന്റെ കൂടെ ചാക്കോച്ചനും കൂടെ നായകനായി എത്തിയപ്പോള്‍ ചിത്രത്തിന്റെ മധുരം ഇരട്ടിയായി എന്ന് തന്നെ പറയാം. പേരില്ലാത്ത ഒരു കഥാപാത്രമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. മൃഗസ്‌നേഹിയായ ജയറാമിന്റെ ലുക്കും സംസാരവും തന്നെയാണ് ഹൈലൈറ്റ്. സ്ഥലം എംഎല്‍എ ആയി കുഞ്ചാക്കോ ബോബനും നായികയായി അനുശ്രീയും എത്തുന്നു.

ആക്ഷേപഹാസ്യം ചിത്രത്തില്‍ കടന്ന് വരുന്നുണ്ട്. രാഷ്ട്രീയത്തിലെ കളികളെയും മലയാളികളുടെ പൊങ്ങച്ചങ്ങളെയും ബിവറേജും വര്‍ഗ്ഗീയ രാഷ്ട്രീയത്തെയുമെല്ലാം ചിത്രം പരിഹസിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും സലിം കുമാറും രാഷ്ട്രീയപ്രവര്‍ത്തകരായി ചിത്രത്തില്‍ തകര്‍ത്തു. ചിത്രത്തിലെ എടുത്ത് പറയേണ്ട ഒരു കഥാപാത്രം പ്രേം കുമാറിന്റെ പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ഒരിടവേളക്ക് ശേഷമാണ് പ്രേം കുമാര്‍ കോമഡി വേഷത്തിലെത്തുന്നത്. സ്‌ക്രീനില്‍ വന്ന മുഴുവന്‍ സമയവും അദ്ദേഹം പ്രേക്ഷകനെ രസിപ്പിച്ചു. ചിത്രത്തിലെ അശോകന്‍ അവതരിപ്പിച്ച് കഥാപാത്രവും മികച്ചു നിന്നു.

ജയറാമിന്റെ മൊട്ടത്തലയും കുടവയറുമുള്ള വ്യത്യസ്ഥമായ ലുക്കും സംസാരശൈലിയും ഒട്ടും വൃത്തികേടാവാതെ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ജയറാമും ചാക്കോച്ചനും തമ്മിലുള്ള പല സീനുകളും ചിരി പരത്തുന്നതായിരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ എത്തുന്ന ധര്‍മ്മജനും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

കഥാപാത്രങ്ങളെക്കാള്‍ മൃഗങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിലെ പ്രദീപ് നായരുടെ ഛായാഗ്രഹണവും മികച്ചു നിന്നു. നിര്‍മ്മാതാവായ മണിയന്‍പ്പിള്ള രാജുവും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.

എം.എല്‍.എ കലേഷ് ആയി എത്തിയ ചാക്കോച്ചന്റെ ഭാര്യയായി അനുശ്രീയും അമ്മയായി മല്ലിക സുകുമാരനും തകര്‍ത്ത് അഭിനയമാണ് കാഴ്ചവെച്ചത്. മല്ലിക സുകുമാരനും അനുശ്രീയും തമാശ രംഗങ്ങളില്‍ പൊട്ടിച്ചിരിപ്പിച്ചു. ചിത്രത്തില്‍ അതിഥി താരമായി എത്തുന്ന ജോജുവും മല്ലിക സുകുമാരനും തമ്മിലുള്ള സീനുകള്‍ ചിരിക്കാനുള്ള വക നല്‍കി. ചിത്രത്തിലെ ഗാനങ്ങളില്‍ യേശുദാസ് പാടിയ ഗാനമൊഴിച്ച് ഒന്നും തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചില്ല എന്ന് വേണം പറയാന്‍. അതേ സമയം ഔസേപ്പച്ചന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഫീല്‍ മുഴുവനായി തരുന്നുണ്ട്.

“ആഗ്രഹങ്ങളല്ല, ദു:ഖങ്ങള്‍ക്ക് കാരണം നടക്കാതെ പോകുന്ന ആഗ്രഹങ്ങളാണ്….” എന്ന് ചിത്രത്തിലെ ഡയലോഗ് തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സിലേക്കുള്ള ചൂണ്ട് പലക. ചിത്രത്തില്‍ ഒരു ചിത്രമായി മാത്രമായിട്ടാണ് ശ്രീജിത്ത് രവിയെ കാണിക്കുന്നണ്ട്. ശ്രീജിത്തിന്റെ അച്ഛനായി എത്തിയ കുഞ്ചന്‍ ഒരു ചെറിയ നോവായി പ്രേക്ഷകന്റെ ഉള്ളില്‍ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ ഉണ്ടാകും.

ചിരിപ്പിച്ച് ചിരിപ്പിച്ച് ചിത്രത്തിന്റെ സംവിധായകന്‍ അവസാനം ചെറുതായി പ്രേക്ഷകന്റെ കണ്ണുകള്‍ ഈറനണിയിപ്പിക്കും. രമേശ്പിഷാരടിയും ഹരി പി നായരും തിരക്കഥ ഒരുക്കിയ ചിത്രം ഈ അവധിക്കാലത്ത് കുടുംബപ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടമാവുമെന്നുറപ്പാണ്.

വലിയ ഗിമിക്കുകളോ സംഭവങ്ങളോ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. അവധിക്കാലത്ത് കുടുംബത്തോടെ പോയി കണാന്‍ പറ്റിയ വര്‍ണ്ണങ്ങള്‍ വിതറുന്നതാണ് പഞ്ചവര്‍ണ്ണതത്ത

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more