| Tuesday, 18th May 2010, 12:25 am

വിലാപ യാത്രക്കിടെ തൂക്ക് പാലം തകര്‍ന്നു: രണ്ട് പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജപുരം: തൂക്ക് പാലം തകര്‍ന്ന് വിലാപ യാത്രാ സംഘത്തിലെ രണ്ട് പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വടക്കേല്‍ തോമസിന്റെ മകള്‍ ഐശ്വര്യ തോമസ്(അഞ്ച്), ജിനു വര്‍ഗീസ് (17) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. പാണത്തൂര്‍ ചിറംക്കടവ് പവിത്രംകയം കമ്പിപാലമാണ് തകര്‍ന്നത.

മൃതദേഹവുമായി വിലാപയാത്രയായി പാലത്തിനു മുകളിലൂടെ പോകുമ്പോഴാണ് പെട്ടെന്ന് കമ്പിപാലം തകര്‍ന്നു വീണത്. പാണത്തൂര്‍ കുന്നത്ത്‌പോതിയില്‍ കെ.ടി. ചാക്കോയുടെ(52) മൃതദേഹവും വഹിച്ചുകൊണ്ടു പോവുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പാണത്തൂര്‍ സെന്‍ മേരീസ് പള്ളിയിലാണ് സംസ്‌ക്കാര ചടങ്ങ് നടത്താനിരുന്നത്. കയത്തില്‍ വീണവരെ കാഞ്ഞങ്ങാട്ടു നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും, പോലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തൂക്കു പാലത്തിന്റെ കമ്പി ദ്രവിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അന്‍പതോളം പേര്‍ കയറിയപ്പോള്‍ അമിതഭാരം മൂലമാണ് പാലം തകര്‍ന്നു വീണത്. അന്‍പതോളം പേര്‍ ഒരുമിച്ച് പാലത്തിന് മുകളില്‍ കയറിയപ്പോഴാണ് പെട്ടന്ന് തൂക്കുപാലം ഉഗ്ര ശബ്ദത്തില്‍ പൊട്ടിപൊളിഞ്ഞ് കയത്തില്‍ വീണത്. 10 വര്‍ഷം മുമ്പാണ് ഇരുമ്പ് കമ്പിയിലും മരപ്പലകയിലുമായി തൂക്കുപാലം നിര്‍മ്മിച്ചത്. പൊളിഞ്ഞ മരപ്പലകയിലൂടെ ഒരാള്‍ താഴേക്ക് വീണതിനാല്‍ മൂന്ന് വര്‍ഷം മുമ്പ് പാലം പുതിക്കിപണിതിരുന്നു. ഇവിടെ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

We use cookies to give you the best possible experience. Learn more