തിരുവനന്തപുരം: കൊല്ലത്ത് മത്സ്യബന്ധന ബോട്ടിലിടിച്ച് നിര്‍ത്താതെ പോയ പനാമ കപ്പലിനെ അറസ്റ്റ് ചെയ്യും. കപ്പല്‍ ഇന്ത്യന്‍ തീരത്ത് എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. നേരത്തെ കപ്പലിന്റെ ക്യാപ്റ്റനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒരു മാസം മുമ്പാണ് കൊല്ലത്ത് അപകടമുണ്ടായത്. കൊല്ലം തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധന ബോട്ടിനെ ഇടിച്ച പനാമ കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു. യു.എ.ഇയില്‍ നിന്ന് കൊളംബിയയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സി.ആര്‍ തെത്‌സ് എന്ന കപ്പലാണ് ബോട്ടിനെ ഇടിച്ചത്. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് പേര്‍ കടലില്‍ വീഴുകയും രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇവര്‍ക്ക് പുറമെ ബോട്ടിന്റെ സ്റ്റോറൂമില്‍ അഞ്ച് പേര്‍ കൂടിയുണ്ടായിരുന്നു. ശക്തികുളങ്ങര സ്വദേശി നിമ്മിയുടെ ഉടമസ്ഥതയിലുള്ള നെസ്നിയ എന്ന ബോട്ടിനെയാണ് പനാമ കപ്പല്‍ ഇടിച്ചത്.
അപകടത്തെ തുടര്‍ന്ന് ബോട്ടിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. പിന്നാലെ കോസ്റ്റല്‍ പൊലീസ് കപ്പല്‍ ക്യാപ്റ്റനെതിരെ കേസെടുത്തു. നിമ്മിയുടെ പരാതിയില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. പിന്നാലെ കൊച്ചി ഫോര്‍ട്ട് പൊലീസിന് കേസ് കൈമാറുകയും ചെയ്തു.
ബി.എന്‍.എസ് 282, 125 (എ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. വെള്ളത്തില്‍ വീണ മത്സ്യത്തൊഴിലാളികള്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും കപ്പല്‍ നിര്‍ത്താതെ പോയെന്നായിരുന്നു എഫ്.ഐ.ആര്‍. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന വിധത്തിലാണ് ക്യാപ്റ്റന്‍ കപ്പല്‍ ഓടിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.
അപകടത്തില്‍ ബോട്ടുടമയ്ക്ക് ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബോട്ടിന്റെ പിന്‍ഭാഗം തകര്‍ന്നതിന് പുറമെ തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന രണ്ടാം വലയും റോപ്പും ഉള്‍പ്പെടെ നഷ്ടപ്പട്ടിരുന്നു.
Content Highlight: Panama ship to be seized; action taken after it rammed a fishing boat in Kollam