| Sunday, 7th December 2025, 8:42 am

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. നന്നമ്പ്ര പഞ്ചായത്ത് 20ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലുബ്ന ഷാജഹാന് വേണ്ടിയാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ കൂടിയായ അബ്ബാസലി ശിഹാബ് തങ്ങള്‍ വോട്ട് തേടിയത്.

യു.ഡി.എഫ് പിന്തുണയുള്ള ലുബ്ന ഷാജഹാന്‍ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. നന്നമ്പ്ര പഞ്ചായത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് തന്നെയാണ് അബ്ബാസലി വോട്ടഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘അസ്സലാമു അലൈക്കും. പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. നന്നമ്പ്ര പഞ്ചായത്തിലെ 20 വാര്‍ഡില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ലുബ്ന ഷാജഹാനെ അവരുടെ ചിഹ്നമായ ഗ്യാസ് സിലിണ്ടറില്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി വമ്പിച്ച ഭൂരിപക്ഷത്തില്‍ അവരെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് അബ്ബാസലി ശിഹാബ് തങ്ങള്‍ വീഡിയോയില്‍ പറയുന്നത്.

ലുബ്‌ന ഷാജഹാന് പുറമെ നന്നമ്പ്ര പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ മത്സരിക്കുന്ന ആലംഗീര്‍ വി.കെയ്ക്ക് വേണ്ടിയും അബ്ബാസലി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെ വിമര്‍ശിച്ച് സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം രംഗത്തുള്ള സാഹചര്യത്തിലാണ് അബ്ബാസലി ശിഹാബ് തങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പരസ്യമായി വോട്ട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വിവാദത്തിലായിരുന്നു.

എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്‌ലിം ലീഗിന് സഖ്യമില്ലെന്നും പ്രാദേശിക നീക്കുപോക്കുകളുണ്ടെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചിരുന്നു. യു.ഡി.എഫിനോടുള്ള നിലപാടില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ എല്‍.ഡി.എഫുമായാണ് വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിച്ചത്. ഇപ്പോള്‍ യു.ഡി.എഫിനോടും സഹകരിക്കുന്നുവെന്നും സാദിഖലി പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ദേശപ്പോര്’ സംവാദത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: Panakkad Abbas ali Shihab Thangal appeals for votes for Welfare Party candidates

Latest Stories

We use cookies to give you the best possible experience. Learn more