| Friday, 10th January 2014, 5:56 pm

പാമൊലിന്‍ കേസ്: വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: പാമൊലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹരജി തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനം.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ ഹരജി ഇന്നാണ് കോടതി തള്ളിയത്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്. കേസ് പരിഗണിക്കുന്നത് ജനുവരി 22 ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കേസ് പിന്‍വലിക്കാനുള്ള തീരുമാനം മന്ത്രിസഭയെടുക്കുകയും അത് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയിരിക്കുന്നത്.

പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണെന്നും മന്ത്രിസഭാ തീരുമാനം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയും കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ജനുവരി 12 നകം തീര്‍പ്പുണ്ടാക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

നേരത്തേ കേസിലെ അഞ്ചാം പ്രതിയായ ജിജി തോംസണെ കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. ഗൂഡാലോചന, അഴിമതി എന്നീകുറ്റങ്ങളായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ നടക്കുമ്പോള്‍ സിവില്‍ സപ്ലൈസ് എംഡിയായിരുന്നു ജിജി തോംസണ്‍.

1991 ലെ യു.ഡി.എഫ് ഭരണകാലത്ത് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നിരുന്നു. 1993 ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15000 മെട്രിക് ടണ്‍ പാമോയില്‍ സിംഗപ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്തതില്‍ ഖജനാവിന് 2.32 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

പാമോയില്‍ കേസില്‍, അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more