| Thursday, 14th August 2025, 4:23 pm

ടോള്‍ നല്‍കിയിട്ടും സേവനമില്ലല്ലോ; ഈ റോഡില്‍ എങ്ങനെ ടോള്‍ പിരിക്കും? പാലിയേക്കരയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞതിനെ ചോദ്യം ചെയ്തുകൊണ്ട് ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീലില്‍ സുപ്രീം കോടതിയുടെ വിമര്‍ശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

റോഡിന്റെ അവസ്ഥ മോശമായി തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആംബുലന്‍സിന് പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിരീക്ഷണമുണ്ട്.

ഇതുവരെ സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്തിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് ഇക്കാര്യത്തില്‍ നേരിട്ട് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്. അടുത്ത തിങ്കളാഴ്ച വീണ്ടും ഹരജി പരിഗണിക്കും.

നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം. ഗതാഗത പ്രശ്‌നം രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വാദം.

അതേസമയം യാത്ര ദുഷ്‌കരമാണെങ്കില്‍ എന്തിന് ജനങ്ങള്‍ ടോള്‍ നല്‍കണമെന്ന ചോദ്യമാണ് ഹൈക്കോടതി ഉയര്‍ത്തിയിരുന്നത്. ടോള്‍ പിരിക്കുന്നവര്‍ക്ക് മികച്ച റോഡ് ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

പാലിയേക്കര ടോള്‍ പിരിവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. അങ്കമാലി മുതല്‍ പാലിയേക്കര വരെയുള്ള നിലവിലെ യാത്ര വളരെ ദുഷ്‌കരമാണെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു. ഈ വഴിയുള്ള യാത്ര ദുഷ്‌കരമാണെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു കോടതി ടോള്‍ പിരിവ് തടസപ്പെടുത്തിയത്. ജൂലൈ ഒമ്പതിനാണ് കോടതി ടോൾ പിരിവ് മരവിപ്പിച്ചത്.

പിന്നാലെ പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി ദേശീയപാത അതോറിറ്റി ഒരാഴ്ച കൂടി സമയം തേടിയിയിരുന്നു. ഇതിനിടെയാണ് നാഷണല്‍ അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: How can toll be collected on this road? Supreme Court criticism in Paliyekkara

We use cookies to give you the best possible experience. Learn more