ഗസ: ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന് പട്ടിണിയില്‍ വലഞ്ഞ് ഗസയിലെ ഫലസ്തീനികള്‍. ഭക്ഷണക്ഷാമം രൂക്ഷമായതോടെ ഉപരോധിക്കപ്പെട്ട അതിര്‍ത്തികള്‍ തുറക്കാന്‍ ഫലസ്തീനികള്‍ ഈജിപ്തിനോട് ആവശ്യപ്പെട്ടു.
ഗസയിലെ ഏതാനും ഗോത്രങ്ങളും പ്രമുഖരായ വ്യക്തികളുമാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ആഗോളതലത്തില്‍ നടപടിയെടുക്കണമെന്ന് ഗസ നിവാസികള്‍ ആവശ്യപ്പെട്ടതായി അല്‍ജസീറ അറബിക് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈലിന്റെ ഉപരോധം മൂലം പട്ടിണി കിടന്ന് മരിക്കേണ്ട അവസ്ഥയാണെന്ന് ഫലസ്തീനികള്‍ പറയുന്നു. പട്ടിണിയും ഭക്ഷണവുമാണ് ഇസ്രഈലിന്റെ ആയുധങ്ങളെന്നും 60 ദിവസത്തിലേറെയായി കുടിവെള്ളമോ ഭക്ഷണമോ സഹായമോ ലഭിച്ചിട്ടെന്നും ഫലസ്തീനികള്‍ ചൂണ്ടിക്കാട്ടി.
ലോകത്തിലെ സ്വതന്ത്രരായ ജനങ്ങള്‍ ഗസയെ രക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഫലസ്തീനികള്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി ഗസ മുനമ്പില്‍ ഇസ്രഈല്‍ ഉപരോധം തുടരുന്നുണ്ട്. ഇത് രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികള്‍ താമസിക്കുന്ന തീരദേശ എന്‍ക്ലേവിലേക്കുള്ള ഭക്ഷണം, വെള്ളം, അവശ്യവസ്തുക്കള്‍ എന്നിവയുടെ പ്രവേശനത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്.
ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രഈല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്. ഇസ്രഈലിന്റെ ഈ തീരുമാനത്തെ മനുഷ്യാവകാശ സംഘടനകള്‍ യുദ്ധക്കുറ്റമായാണ് കണക്കാക്കുന്നത്.
ഗസയിലെ സര്‍ക്കാര്‍ മാധ്യമ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പോഷകാഹാരക്കുറവിനെ തുടര്‍ന്ന് 57 ഫലസ്തീനികളാണ് മരണപ്പെട്ടത്. ഇസ്രഈല്‍ ഇനിയും ഉപരോധം തുടര്‍ന്നാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് ഗസയിലെ യുദ്ധം ആരംഭിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 52,495 ഫലസ്തീനികളാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
118,366 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 2,396 പേര്‍ കൊല്ലപ്പെടുകയും 6,325 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Palestinians demand end to Israeli blockade and open borders