| Sunday, 26th October 2025, 7:55 pm

'യുവർ നോട്ട് വെൽകം'; ട്രംപിന്റെ മലേഷ്യൻ സന്ദർശനത്തിനിടെ പ്രതിഷേധവുമായി ഫലസ്തീൻ അനുകൂലികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വാലാലംപൂർ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മലേഷ്യൻ സന്ദർശനത്തിനിടെ നൂറുകണക്കിന് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ട്.

ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണത്തിൽ ട്രംപ് നൽകുന്ന പിന്തുണയ്ക്കെതിരെയാണ് ഫലസ്തീൻ അനുകൂലികൾ രംഗത്തെത്തിയത്..

ഇന്ന്(ഞായർ) രാവിലെയും വൈകുന്നേരവുമായി ക്വാലാലംപൂരിലെ ഇൻഡിപെൻഡൻസ് സ്‌ക്വയറിലും നഗരത്തിലെ അംപാങ് പാർക്ക് പ്രദേശത്തിലുമാണ് പ്രതിഷേധം നടന്നത്.

‘ട്രംപ് യുവർ നോട്ട് വെൽകം ഇൻ മലേഷ്യ’ എന്നെഴുതിയ ബാനറുകളും ‘ഫ്രീ ഫലസ്തീൻ’ എന്ന മുദ്രവാക്യങ്ങളുമായി കഫിയ ധരിച്ചാണ് ഇൻഡിപെൻഡൻസ് സ്ക്വയറിൽ പ്രതിഷേധക്കാർ പ്രകടനം നടത്തിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

ട്രംപ് വംശഹത്യക്ക് വഴിയൊരുക്കുന്നയാളാണെന്ന് മനഃസാക്ഷിയുള്ള ആളുകൾക്ക് അറിയാമെന്നും അദ്ദേഹത്തിന്റെ പിന്തുണയില്ലാതെ ഗസയിലെ ,മനുഷ്യരെ കൊള്ളാൻ ഇസ്രഈലിനു കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞതായും അൽജസീറ റിപ്പോർട്ട് ചെയ്തു.

അതേസമയം 47ാമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് മലേഷ്യയിൽ എത്തിയതിന് തൊട്ടുപിന്നാലെ, തായ്‌ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചരൺവിരാകുളും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു.

‘ഇരു രാജ്യങ്ങളും സമാധാനത്തോടെ ജീവിക്കുന്നടത്തോളം കാലം അമേരിക്കയുമായുള്ള ശക്തമായ വാണിജ്യവും സഹകരണവും ഉണ്ടായിരിക്കും,’ ട്രംപ് പറഞ്ഞു. ഈ കരാർ ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ കരാർ സമാധാനത്തിലേക്കുള്ള പാതയാണെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രി പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

അതിർത്തി പ്രദേശത്ത് നിന്ന് ഭാരമേറിയ ആയുധങ്ങളും കുഴിബോംബുകളും നീക്കം ചെയ്യാനും തടവിലാക്കപ്പെട്ട 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കാനും കരാറിൽ ഒപ്പുവെച്ച ഇരുപക്ഷവും സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

Content Highlight: Palestinian supporters protest during Trump’s visit to Malaysia

We use cookies to give you the best possible experience. Learn more