| Saturday, 6th December 2025, 5:59 pm

ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ വധിക്കാന്‍ ഇസ്രഈല്‍ പദ്ധതിയെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ്‌ സൊസൈറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ്സ: ഇസ്രഈല്‍ ജയിലിലടച്ച ഫലസ്തീന്‍ ജനപ്രിയനേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ വധിക്കാന്‍ ഇസ്രഈല്‍ പദ്ധതിയിടുന്നതായി ഫലസ്തീന്‍ പ്രിസണേഴ്‌സ്‌ സൊസൈറ്റി.

ബര്‍ഗൂതിയുടെ മോചനത്തിനായി ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന് പ്രിസണേഴ്‌സ്‌ സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ അംജദ് നജ്ജാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബര്‍ഗൂതിയുടെ മോചനത്തിനായി ആഗോളതലത്തില്‍ വലിയ ക്യാമ്പയിന്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതികള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

‘മര്‍വാന്‍ ബര്‍ഗൂതിക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്, എല്ലാവിധ മനുഷ്യാവകശങ്ങളും ലംഘിച്ചുകൊണ്ടാണ ്ദീര്‍ഘകാലമായി അദ്ദേഹത്തെ ഏകാന്തതടവില്‍വെച്ചിരിക്കുന്നത്.

ഇസ്രഈലിന്റെ ഗൂഢപദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള തന്ത്രമാണ് ഇവയൊക്കെയും.’ ഫലസ്തീന്‍

പ്രിസണേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ അംജദ് അല്‍ നജ്ജാര്‍ പറഞ്ഞു.

ബര്‍ഗൂതി ജയിലില്‍ ക്രൂരമായ മര്‍ദനത്തിനിടയായിട്ടുണ്ടെന്ന് കുടുംബവും ആരോപിച്ചിട്ടുണ്ട്.

‘ജയിലില്‍ കിടക്കുന്ന എന്റെ പിതാവിന്റെ വാരിയെല്ലുകളും പല്ലുകളും വിരലുകളും തകര്‍ത്തു, ചെവിയുടെ ഭാഗം മുറിച്ചു’ ബര്‍ഗൂതി യുടെ മകന്‍ ഖസ്സാം ബര്‍ഗൂതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജയില്‍മോചിതനായ തടവുകാരനില്‍ നിന്നാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കാന്‍ ഔദ്യാഗിക നിയമസംവിധാനങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിനും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബര്‍ഗൂതിക്കെതിരെ ഇസ്രഈല്‍ നടത്തുന്ന പ്രതികാര നടപടികളെ ഫലസ്തീന്‍ പ്രസിഡന്റെ് മഹ്‌മൂദ് അബ്ബാസ് അപലപിച്ചു. ബര്‍ഗൂതിയുടെയും മറ്റ് മുഴുവന്‍ തടവുകാരുടെയും പൂര്‍ണ ഉത്തരവാദിത്തം ഇസ്രഈലിനാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

2002 ല്‍ രണ്ടാം ഇന്‍തിഫാദയുടെ തുക്കത്തില്‍ അഞ്ച്പേരുടെ കൊലപാതകത്തിന് കാരണമായെന്നാരോപിച്ചാണ് ഇസ്രഈല്‍ ബര്‍ഗൂതിയെ തടവിലടച്ചത്. അന്ന് തൊട്ടിന്നുവരെ ബര്‍ഗൂതി രാഷ്ട്രീയ തടവുകാരനായി തുടരുകയാണ്.

2000 ത്തോളം യുദ്ധതടവുകാരെ മോചിപ്പിച്ചപ്പോഴും അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഇസ്രഈല്‍ തയ്യാറായിട്ടില്ല. എങ്കിലും ഫലസ്തീന്‍ ജനതയ്ക്ക് മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനത്തിന് ഒട്ടും കുറവില്ല.

ബര്‍ഗൂതിയെ മോചിപ്പിക്കുന്നതിലൂടെ ഫലസ്തീന്‍ രാഷ്ടീയത്തിന്റെ ഗതിതന്നെ മാറുമെന്ന് ഇസ്രഈല്‍ ഭയക്കുന്നതാണ് അദ്ദേഹത്ത വധിക്കാനടക്കമുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്നും പറയപ്പെടുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഫെബ്രുവരി 18 ന് ഇസ്രഈലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ ബര്‍ഗൂതിയുടെ സെല്ലില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തിനുനേരെ വധഭീഷണി മുഴക്കിയതായുള്ള വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍.

Content Highlight:  Palestinian Prisoners Society says Israel is planning to assassinate Palestinian leader Marwan Barghouti

We use cookies to give you the best possible experience. Learn more