ടെല്‍ അവീവ്: ഇസ്രഈല്‍ ജയിലില്‍ കഴിയുന്ന ഗര്‍ഭണികളായ ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളുയരുന്നതായി റിപ്പോര്‍ട്ട്. ഇസ്രഈല്‍ ജയിലില്‍ കഴിയുന്ന ഒരു ഫലസ്തീന്‍ തടവുകാരിക്ക് അടുത്തിടെ കുഞ്ഞ് ജനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇസ്രഈല്‍ തടവിലിട്ടിരിക്കുന്ന ഗര്‍ഭിണികളുടെ സാഹചര്യങ്ങളെക്കുറിച്ച് ആശങ്കകളുയരുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
കുറ്റാരോപണമോ വിചാരണയോ കൂടാതെ ആറുമാസത്തിലേറെയായി ഇസ്രായേലിന്റെ ‘അഡ്മിനിസ്ട്രേറ്റീവ് ഡിറ്റന്‍ഷന്‍’ നടപടിക്ക് വിധേയയായിരുന്ന 35കാരിയായ ഡാന ജൗദെ സെപ്റ്റംബര്‍ 14-ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് നബ്ലസിന് അടുത്തുള്ള ഇറാഖ് അല്‍-തയേയിലെ വീട്ടില്‍ വച്ചായിരുന്നു ഇവരെ ഇസ്രഈല്‍ അറസ്റ്റ് ചെയ്തത്.
പ്രസവിച്ച് ഒരു ദിവസത്തിന് ശേഷം, ജൗദെയെയും കുഞ്ഞിനെയും മോചിപ്പിക്കുകയും തുടര്‍ചികിത്സയ്ക്കായി റമല്ലയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അവരുടെ കുടുംബം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജൗദെയുടെയും നവജാതശിശുവിന്റെയും ആരോഗ്യത്തിന്റെയും സുരക്ഷയുടെയും ഉത്തരവാദിത്തം ഇസ്രഈലിന്റെ കൈയിലാണെന്ന് ഫലസ്തീന്‍ തടവുകാരുടെയും മുന്‍ തടവുകാരുടെയും കാര്യങ്ങള്‍ക്കായുള്ള കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗര്‍ഭകാലത്ത് ജൗദെയ്ക്ക് മതിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ടുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജയിലില്‍ വെച്ച് പ്രസവിക്കാന്‍ നിര്‍ബന്ധിതയായ സാഹചര്യത്തെയും അവര്‍ അപലപിച്ചു.
യാതൊരുവിധ ആരോഗ്യപരിചരണവുമില്ലാതെ ഗര്‍ഭകാലം ജയിലില്‍ ചെലവഴിക്കാന്‍ ജൗദെയെ നിര്‍ബന്ധിതയാക്കിയത് ഒരു കുറ്റകൃത്യമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനവുമാണിതെന്നും കമ്മീഷന്‍ തിങ്കളാഴ്ച പറഞ്ഞു. ‘ജയിലിനുള്ളില്‍ വെച്ച് പ്രസവിക്കാന്‍ നിര്‍ബന്ധിതയാക്കിയത് മറ്റൊരു കുറ്റകൃത്യം കൂടിയാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ജൗദെയുടെ അനുഭവം ഇസ്രഈല്‍ കസ്റ്റഡിയിലുള്ള മറ്റ് രണ്ട് ഗര്‍ഭിണികളായ ഫലസ്തീന്‍ തടവുകാരുടെ കാര്യത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസം ഗര്‍ഭിണിയായ റമല്ല സ്വദേശി മനാര്‍ കരജ, നാല് മാസം ഗര്‍ഭിണിയായ തുല്‍കാര്‍ം സ്വദേശി ബറാ അബു ഖദീജ എന്നിവരെക്കുറിച്ചാണ് ആശങ്കകളുയരുന്നത്.
തടങ്കലില്‍ കഴിയുന്നതിനിടെ ജൗദെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി സഹ തടവുകാരി അല്‍-ഹൈജയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിന് മുമ്പ് ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ജൗദെയ്ക്ക് വിറ്റാമിനുകളും അനുബന്ധ പോഷകങ്ങളും ആവശ്യമായിരുന്നു. എന്നാല്‍ ജയിലില്‍ വെച്ച് അവ നിഷേധിക്കപ്പെട്ടതായും അബു അല്‍-ഹൈജ പറഞ്ഞു.
മറ്റ് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ആവശ്യമായ പോഷകാഹാരം ലഭിച്ചിരുന്നില്ല. ഒരു സാധാരണ വേദനസംഹാരി പോലുള്ള ചികിത്സ പോലും അവര്‍ക്ക് ലഭിച്ചില്ല. അവരെല്ലാം ഒരു ചെറിയ റൂമിലാണ് കഴിഞ്ഞിരുന്നതെന്നും അല്‍-ഹൈജ പറഞ്ഞു.
ഗര്‍ഭിണികളെ ക്ലിനിക്കില്‍ കൊണ്ടുപോയിരുന്നതും വളരെ അപൂര്‍വ്വമായിരുന്നു. ചിലപ്പോള്‍ മാസത്തില്‍ ഒരിക്കലായിരുന്നു കൊണ്ടുപോയിരുന്നത്. ശുചിത്വ സൗകര്യങ്ങള്‍ ഇല്ലാത്തതും ഗര്‍ഭിണികളുടെ അവസ്ഥ രൂക്ഷമാക്കിയിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ മുറിയുടെ വാതിലിനു നേരെ സ്റ്റണ്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചിരുന്നു. ഇത് കാരണം
അല്‍-തവീലിന് തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടായി. അവര്‍ പരാതിപ്പെട്ടപ്പോള്‍ ജയില്‍ അധികൃതര്‍ അവരുടെ ആശങ്കകള്‍ തള്ളിക്കളയുകയാണുണ്ടായതെന്നും അബു അല്‍-ഹൈജ പറഞ്ഞു.
തടവിലാക്കപ്പെട്ട ഫലസ്തീന്‍ സ്ത്രീകള്‍ക്ക് ഇതിന് മുമ്പും ജയിലിലോ കര്‍ശന സുരക്ഷയുള്ള ആശുപത്രികളിലോ പ്രസവിക്കേണ്ടി വന്നിട്ടുണ്ട്. പലര്‍ക്കും പിന്നീട് തങ്ങളുടെ കുഞ്ഞുങ്ങളില്‍ നിന്ന് വേര്‍പിരിയേണ്ടി വരികയും ചെയ്തു.
ഫലസ്തീന്‍ വനിതാ തടവുകാരുടെ സാഹചര്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ‘ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി’ (പി.പി.എസ്) ഈ മാസം ഒമ്പതിന് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഈ വര്‍ഷം തുടക്കം മുതല്‍ സ്ത്രീകള്‍ക്കെതിരെ നിരവധി തവണ ജയില്‍ റെയ്ഡുകള്‍ നടന്നിട്ടുണ്ട്. റെയ്ഡില്‍ മര്‍ദനം, അപമാനിക്കല്‍, ഏകാന്ത തടവ്, കൂട്ടശിക്ഷാ നടപടികള്‍ക്ക് അവര്‍ വിധേയരായെന്നും സംഘടന അറിയിച്ചിരുന്നു.
Content Highlight: Palestinian prisoner gives birth in Israeli jail- Concerns over pregnant detainees