| Saturday, 3rd January 2026, 8:23 pm

ഇസ്രഈൽ അനുകൂല ഉത്തരവുകൾ പിൻവലിച്ചതിന് മംദാനിയെ പ്രശംസിച്ച്‌ ഫലസ്തീൻ അഭിഭാഷകർ

ശ്രീലക്ഷ്മി എ.വി.

ഗസ: ഇസ്രഈൽ അനുകൂല ഉത്തരവുകൾ പിൻവലിച്ചതിന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയെ പ്രശംസിച്ച്‌ ഫലസ്തീൻ അഭിഭാഷകർ. ഫലസ്തീൻ അനുകൂല അഭിഭാഷക ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളടക്കം നിരോധിക്കുന്ന ഇസ്രഈൽ ഉത്തരവുകളാണ് മംദാനി പിൻവലിച്ചത്.

ഒരു മാസം മുമ്പാണ് മുൻ ന്യൂയോർക്ക് മേയറായ എറിക് ആഡംസ് ഇസ്രഈൽ അനുകൂല ഉത്തരവുകളിൽ ഒപ്പുവെച്ചത്.

സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോർക്ക് മേയറായി സ്ഥാനമേറ്റ സൊഹ്‌റാൻ മംദാനി ഇസ്രഈൽ സർക്കാരിനെതിരെ സ്വീകരിച്ച നടപടി പ്രശംസനീയമാണ്. ഫലസ്തീനികളുടെ അന്തസും ന്യൂയോർക്കുകാരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു നല്ല ചുവടുവെപ്പാണിതെന്ന് ഫലസ്തീൻ യൂത്ത് മൂവ്മെന്റ് അംഗമായ നസ്രീൻ ഇസ പറഞ്ഞു.

‘ഫലസ്തീനികൾക്കെതിരായ വംശീയതയും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്ന ഇസ്രഈൽ ഭരണകൂടത്തെ വിമർശിക്കുന്നതിനും, ബഹിഷ്‌കരിക്കുന്നതിനും, പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നതിനുമുള്ള ന്യൂയോർക്കുകാരുടെ അവകാശത്തെ നിയന്ത്രിക്കുന്ന ഉത്തരവാണ് മംദാനി പിൻവലിച്ചത്,’ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്‌ലാമിക് റിലേഷൻസിന്റെ (CAIR) ന്യൂയോർക്ക് മേധാവി അഫാഫ് നാഷർ പറഞ്ഞു.

ഫലസ്തീൻ അമേരിക്കൻ എഴുത്തുകാരൻ വൈ എൽ അൽ ഷെയ്ഖും ഇസ്രഈൽ അനുകൂല ഉത്തരവുകൾ റദ്ദാക്കിയതിന് മംദാനിയെ അഭിനന്ദിച്ചു.

‘ഇസ്രഈലി വർണവിവേചനത്തെയും വംശഹത്യയെയും വിമർശിക്കാനും എതിർക്കാനുമുള്ള നമ്മുടെ അവകാശം ഉൾപ്പെടെ, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും ശക്തിപ്പെടുത്തുന്നതിന് മേയർ മംദാനി ആദ്യ ദിവസം തന്നെ നടപടികൾ സ്വീകരിച്ചതിൽ അഭിനന്ദിക്കുന്നു,’ വൈ എൽ അൽ ഷെയ്ഖ് പറഞ്ഞു.

മുൻ മേയർ പാസാക്കിയ ഉത്തരവുകൾ യഹൂദവിരുദ്ധതയെ ചെറുക്കുന്നതിനെക്കുറിച്ചല്ലെന്നും ഇസ്രഈലിനെതിരായ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനെക്കുറിച്ചാണെന്നും ഇത് എല്ലാ അമേരിക്കക്കാരും എതിർക്കുന്ന ഒന്നായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്പന്നർക്കുമേലും നികുതി ചുമത്തും, ശക്തമായ സർക്കാർ സംവിധാനം കെട്ടിപ്പടുക്കും, സൗജന്യ പൊതുഗതാഗതം, സൗജന്യമായ ചൈൽഡ് കെയർ സർവീസ്, ലക്ഷകണക്കിന് ആളുകളുടെ വാടക മരവിപ്പിക്കൽ, നഗരത്തിൽ കൂടുതൽ പലചരക്ക് കടകൾ, അസമത്വങ്ങൾക്കെതിരെ പോരാട്ടവും തൊഴിലാളികളെ ചേർത്തുപിടിക്കലും, താങ്ങാവുന്ന വിലയിൽ സുരക്ഷിതമായ വീടുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ മാംദാനി ഉയർത്തിയിരുന്നു.

Content Highlight: Palestinian lawyers praise Mamdani for withdrawing pro-Israel orders

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more