| Wednesday, 7th May 2025, 8:58 am

ഇത് പ്രത്യാശയാകട്ടെ: ഫലസ്തീൻ കവി മൊസാബ് അബു തോഹയ്ക്ക് പുലിറ്റ്‌സർ പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈലി അധിനിവേശത്തിൽ തകർന്ന ഗസയിൽ ഉണ്ടായ കൂട്ടക്കൊലകളെ കുറിച്ച് എഴുതിയ ഫലസ്തീനി കവി മൊസാബ് അബു തോഹയ്ക്ക് പുലിറ്റ്സർ പുരസ്കാരം. നിലവിൽ യു.എസിലുള്ള മൊസാബ് അബു തോഹയെ നാടുകടത്തിക്കാൻ ഇസ്രഈലി സംഘടനകൾ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹം ന്യൂയോർക്കറിൽ എഴുതിയ ലേഖനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

തനിക്ക് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഗസ വിഷയത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. ‘എനിക്ക് കമന്ററിക്കുള്ള പുലിറ്റ്‌സർ സമ്മാനം ലഭിച്ചു. അത് പ്രതീക്ഷ നൽകട്ടെ. അതൊരു കഥയായി മാറട്ടെ,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

ഗസയിലെ കൂട്ടക്കൊലയും ജനങ്ങളുടെ ദുരിതവും അദ്ദേഹത്തിന്റെ ലേഖനങ്ങൾ വെളിവാക്കുന്നുവെന്നും ഒന്നര വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ ഭീകരത ആ ലേഖനങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്നും പുലിറ്റ്‌സർ ബോർഡ് പറഞ്ഞു.

വടക്കൻ ഗസയിലെ ബെയ്റ്റ് ലാഹിയയിലുള്ള തന്റെ വീട്ടിൽ നിന്ന് ഭാര്യ മറാമിനും മൂന്ന് കുട്ടികൾക്കുമൊപ്പം പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 32 കാരനായ അബു തോഹയെ 2023ൽ ഒരു ചെക്ക് പോയിന്റിൽ വച്ച് ഇസ്രഈൽ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു.

ഇസ്രഈലി തടങ്കലിൽ, പട്ടാളക്കാർ തന്നെ മർദിക്കുകയും കുടുംബത്തിൽ നിന്ന് വേർപെടുത്തിയെന്നും അദ്ദേഹം എഴുതി. വിദേശത്തുള്ള സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ മോചനത്തിനായി സമർദം ചെലുത്തിയതിന് പിന്നാലെ അദ്ദേഹത്തിന് അമേരിക്കയിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞു.

ഗസയിൽ ഭക്ഷണം കണ്ടെത്തുന്നതിനായി തന്റെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന പോരാട്ടത്തെക്കുറിച്ചും വടക്കൻ ഗസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിന്റെ തകർച്ചയുടെ ചിത്രങ്ങളും അബു തോഹ എഴുതി.

‘ഗസയിലേക്ക് മടങ്ങാനും, എന്റെ അമ്മയ്ക്കും അച്ഛനുമൊപ്പം അടുക്കള മേശയിലിരിക്കാനും എന്റെ സഹോദരിമാർക്ക് ചായ ഉണ്ടാക്കി നൽകാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഭക്ഷണം കഴിക്കേണ്ട. അവരെ വീണ്ടും പഴയപോലെ കാണണം എന്ന ആഗ്രഹം മാത്രമേ ഉള്ളു,’ അദ്ദേഹം എഴുതി.

വടക്കൻ ഗസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പിന്റെ തകർച്ചയുടെ ചിത്രങ്ങൾ കണ്ടതും അദ്ദേഹം തന്റെ ലേഖനങ്ങളിൽ എഴുതിയിട്ടുണ്ട്. അവിടെ ഞാൻ പതിവായി എന്റെ മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും സന്ദർശിക്കുകയും അവിടെയുള്ള സ്കൂളിൽ പോകുകയും ചെയ്തിരുന്നു. ഞാൻ ഫോട്ടോകൾ വീണ്ടും വീണ്ടും നോക്കി. വളർന്നുവരുന്ന ഒരു ശ്മശാനത്തിന്റെ ഒരു ചിത്രം എന്റെ മനസിൽ രൂപപ്പെട്ടു,’ അദ്ദേഹം എഴുതി.

മാതൃരാജ്യത്തിന് പുറത്ത് താനും മറ്റ് ഫലസ്തീനികളും നേരിടുന്ന അപമാനങ്ങളെക്കുറിച്ചും അദ്ദേഹം എഴുതി. ‘നിങ്ങളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും അവരുടെ കുട്ടികളോടും ഒപ്പം ഗസയിലെ ഒരു സ്‌കൂൾ ഷെൽട്ടറിൽ നിങ്ങൾ താമസിക്കുകയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ആരെയും സംരക്ഷിക്കാൻ കഴിയുന്നില്ല. അവർക്ക് ഭക്ഷണമോ വെള്ളമോ മരുന്നോ നൽകാൻ നിങ്ങൾക്ക് കഴിയുന്നില്ല. എന്നാൽ ഇപ്പോൾ നിങ്ങൾ അമേരിക്കയിലാണ്, വംശഹത്യയ്ക്ക് ധനസഹായം നൽകുന്ന രാജ്യം. ഇത് ഹൃദയഭേദകമാണ്,’ അദ്ദേഹം ലേഖനത്തിൽ എഴുതി

സുഡാനിലെ ആഭ്യന്തരയുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് ന്യൂയോർക്ക് ടൈംസിനും പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ സ്വകാര്യ കൊലയാളി സംഘങ്ങൾക്ക് പിന്തുണ നൽകിയ യു.എസ് സൈന്യത്തിൻ്റെ നടപടികൾ തുറന്നുകാട്ടിയതിന് അഹമദ്, ഗോൾഡ്‌ബേൺ, ഐക്കിൻസ് എന്നിവരെ പുലിറ്റ്സർ സമിതി ആദരിച്ചു.

യു.എസ് സൈന്യം ഇറാഖി സിവിലിയന്മാരെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള അന്വേഷണാത്മക പോഡ്‌കാസ്റ്റിനും സിറിയയിലെ ബഷർ അൽ-അസദിന്റെ സ്വേച്ഛാധിപത്യത്തിന്റെ അന്ത്യം രേഖപ്പെടുത്തുന്ന മോയ്‌സസ് സമന്റെ ചിത്രങ്ങളുടെ ഫീച്ചർ ഫോട്ടോഗ്രാഫിക്കും ന്യൂയോർക്കർ പുലിറ്റ്‌സർ നേടി.

പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന് നൽകുന്ന അമേരിക്കൻ പുരസ്‌കാരമാണ് പുലിറ്റ്സർ പ്രൈസ്. ഹംഗേറിയൻ അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയാണ് നൽകുക.

Content Highlight: Palestinian author Mosab Abu Toha wins Pulitzer Prize for commentary

We use cookies to give you the best possible experience. Learn more