| Thursday, 29th January 2026, 8:42 am

ഗസ വെടിനിർത്തൽ സാധ്യമാകണമെങ്കിൽ ഇസ്രഈൽ സൈന്യത്തെ പൂർണമായും പിൻവലിക്കണം: യു.എന്നിനോട് ഫലസ്തീൻ

ശ്രീലക്ഷ്മി എ.വി.

ന്യൂയോർക്ക്: ഗസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെങ്കിൽ ഇസ്രഈൽ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഫലസ്തീൻ.

ഫലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണ് ഗസയെന്നും അത് അവിടുത്തെ ജനതയ്ക്ക് മാത്രമുള്ളതാണെന്നും ഫലസ്തീൻ ഐക്യരാഷ്ട്ര പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു.

‘ഗസയുടെ ഭാവി നിയന്ത്രിക്കാനുള്ള ഇസ്രഈലിന്റെ ശ്രമം അവസാനിപ്പിക്കുകയും പ്രദേശത്ത് നിന്ന് പൂർണമായും പിന്മാറുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂ. ഗസ, ഫലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് ഫലസ്തീൻ ജനതയുടേത് മാത്രമാണ്,’ അദ്ദേഹം വ്യക്തമാക്കി.

മറ്റുള്ളവരെപ്പോലെതന്നെ ഫലസ്തീനിയന് ജനതയുടെ ദുരിതങ്ങളും പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ എത്തിയ ഗസ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്തുകൊണ്ടും അദ്ദേഹം പ്രതികരിച്ചു.

‘ഫലസ്തീൻ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച ദുരിതങ്ങളും കഷ്ടപ്പാടുകളും, ക്ഷാമവും, മാനുഷിക ദുരന്തങ്ങളും അവസാനിപ്പിക്കുന്നതിനുള്ള വാഗ്ദാനം ഈ പദ്ധതി തരുന്നു. അതിനാൽ ഞങ്ങൾ പിന്തുണയ്ക്കുന്നു,’ റിയാൻ മൻസൂർ പറഞ്ഞു.

വെടിനിർത്തൽ വഴി ആയിരകണക്കിനാളുകളുടെ ജീവൻ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഈ ലക്ഷ്യങ്ങൾ പൂർണമായും കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീൻ ജനതയോടുള്ള ഉത്തരവാദിത്തമില്ലായ്മയെയും അദ്ദേഹം ചോദ്യം ചെയ്തു. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (UNRWA) അടക്കമുള്ള മാനുഷിക സംഘടനകൾക്കെതിരായ ഇസ്രഈൽ നടപടികളെയും ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.

ഫലസ്തീൻ ഭൂമിയിൽ ഇസ്രഈലിന് പരമാധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമവിരുദ്ധ അധിനിവേശത്തിന് ഗസ, ജെറുസലെമുൾപ്പടെയുള്ള പ്രദേശങ്ങളിൽ യാതൊരു അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളുമായി ഗസയെ വീണ്ടും ഒന്നിപ്പിക്കണമെന്നും ഫലസ്തീന്റെ സ്വയം നിർണയാവകാശവും രാഷ്ട്രത്വവും ഒഴിവാക്കാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികളെ ബലമായി കുടിയിറക്കാനുള്ള പദ്ധതികൾ ഇസ്രഈൽ നിർത്തണമെന്നും അദ്ദേഹം യു.എന്നിനോട് ആവശ്യപ്പെട്ടു.

വെടിനിർത്തൽ പദ്ധതിയിൽ യു.എസുമായും അന്താരാഷ്ട്ര പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള ഫലസ്തീനിന്റെ സന്നദ്ധതയും റിയാദ് മൻസൂർ ആവർത്തിച്ചു.

Content Highlight: Palestine tells UN that Israeli forces must be completely withdrawn if Gaza ceasefire is to be achieved

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more