| Monday, 8th September 2025, 9:54 am

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചാല്‍ ഏകപക്ഷീയമായ നടപടി നേരിടേണ്ടി വരും; യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുന്ന ഫ്രാന്‍സും യു.കെയും ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെ ഭീഷണി മുഴക്കി ഇസ്രഈല്‍. ഈ നീക്കത്തെ ‘വലിയ തെറ്റ്’ എന്ന് വിശേഷിപ്പിച്ച ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഗിദിയോണ്‍ സാര്‍, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചാല്‍ ഏകപക്ഷീയമായ പ്രതികരണത്തിന് കാരണമാകുമെന്നും ഭീഷണിമുഴക്കി.

ഈ മാസം നടക്കുന്ന 80ാമത് യു.എന്‍ പൊതുസഭയിലാണ് ബ്രിട്ടണും ഫ്രാന്‍സും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുക. നേരത്തെ ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ സൗദി അറേബ്യക്ക് ഒപ്പം ഐക്യരാഷ്ട്രസഭയില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ സംബന്ധിച്ച് സമ്മേളനം നടത്തിയിരുന്നു. ഇതോടെ ഫ്രാന്‍സുമായുള്ള ഇസ്രഈലിന്റെ നയതന്ത്രബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.

ഗസയില്‍ ഇസ്രഈല്‍ വെടിനിര്‍ത്തലിന് തയ്യാറാകുന്നില്ലെങ്കില്‍ യു.കെയും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഇസ്രഈലിന് മുന്നില്‍ മാതൃക കാണിക്കുമെന്ന് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും നേരത്തെ പറഞ്ഞിരുന്നു.

യു.കെയും ഫ്രാന്‍സും പോലുള്ള രാജ്യങ്ങള്‍ ‘അംഗീകാരം’ എന്നുപറയുന്നതിലൂടെ വലിയ തെറ്റ് ചെയ്തു എന്ന് ഗിദിയോണ്‍ സാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ നീക്കവുമായി മുന്നോട്ട് പോയാല്‍ സമാധാനം പുനസ്ഥാപിക്കുന്നത് ഇനിയും വൈകുമെന്നും ഇസ്രഈല്‍ മന്ത്രി പറഞ്ഞു. ഇത് മേഖലയെ അസ്ഥിരപ്പെടുത്തും. ഇസ്രഈലിന് ഏകപക്ഷീയമായി പല തീരുമാനങ്ങളും എടുക്കേണ്ടി വരുമെന്നും വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഡെന്‍മാര്‍ക്ക് പോലുള്ള യൂറോപ്പിലെ ഉത്തരവാദിത്തമുള്ള രാജ്യങ്ങള്‍ ഈ നീക്കത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് പ്രതീക്ഷയെന്നും, ഇത് തടയാന്‍ ഇനിയും മുന്നില്‍ സമയമുണ്ടെന്നും ഇസ്രഈല്‍ മന്ത്രി പറഞ്ഞു. ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍, ഫലസ്തീനെ അംഗീകരിക്കുന്ന ഡാനിഷ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വീറ്റോ പ്രയോഗിക്കാന്‍ ഇസ്രഈലിന് സാധിക്കില്ലെന്നാണ് ഡാനിഷ് വിദേശകാര്യമന്ത്രി പ്രതികരിച്ചത്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കില്ലെന്ന ഇസ്രഈലിന്റെ പ്രസ്താവനകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം തള്ളിക്കളയില്ലെന്ന് കഴിഞ്ഞമാസം ഡാനിഷ് ഭരണകൂടം പ്രതികരിച്ചിരുന്നു.

അതേസമയം, വെസ്റ്റ് ബാങ്കില്‍ ശക്തമായ അധിനിവേശം തുടരുകയാണ് ഇസ്രഈല്‍. നിരവധി പുതിയ കുടിയേറ്റകേന്ദ്രങ്ങള്‍ക്ക് ഇസ്രഈല്‍ അംഗീകാരം നല്‍കി. ജറുസലേമിന് കിഴക്കായി ഇ-വണ്‍ എന്ന ഒരു സുപ്രധാനപദ്ധതിക്കും ഇസ്രഈല്‍ രൂപം നല്‍കിയിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ 80 ശതമാനത്തിലധികം പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ഇ-വണ്‍. ഇത് ഫലസ്തീന്റെനസ്വതന്ത്രമായ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് ലോകരാജ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഫലസ്തീന്‍ രാഷ്ട്രമെന്ന ആശയത്തെ കുഴിച്ചുമൂടുകയാണ് എന്നാണ് ഇ-വണ്‍ പദ്ധതി അവതരിപ്പിച്ചുകൊണ്ട് തീവ്രവലതുപക്ഷക്കാരനായ ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞത്.

2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 973 ഫലസ്തീനികളെ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ 36 ഇസ്രഈലികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.

Content Highlight: Palestine recognized as a state. Will face unilateral action; Israel threatens European countries

We use cookies to give you the best possible experience. Learn more