കൊച്ചി: ഫലസ്തീനിലേത് മുസ്‌ലിം-ജൂത സമുദായങ്ങള്‍ക്കിടയിലുള്ള വിഷയമല്ലെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ല മുഹമ്മദ് അബു സാവേശ്.
മാനുഷികവും അന്താരാഷ്ട്ര നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഫലസ്തീനില്‍ അരങ്ങേറുന്നതെന്നും അബു സാവേശ് പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ സംഘടിപ്പിച്ച ഗസ ഐക്യദാര്‍ഢ്യ സദസില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനില്‍ നടക്കുന്നത് മുസ്‌ലിങ്ങളും ജൂതന്മാരും തമ്മിലുള്ള പ്രശ്‌നമെന്നും എന്നാല്‍ ഇരുവിഭാഗങ്ങള്‍ക്കും തമ്മിലുള്ള സംഘര്‍ഷമെന്ന നിലയിലാണ് സയണിസ്റ്റ് പ്രസ്ഥാനം പ്രചാരണം നടത്തുന്നതെന്നും അബു സാവേശ് പറഞ്ഞു. തങ്ങളുടെ ആദ്യത്തെ മേധാവി ഒരു ജൂതനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഫലസ്തീനിലെ ആദ്യ ഭരണകൂടം സ്ഥാപിച്ചത് യാസര്‍ അറാഫത്താണ്. ഈ സര്‍ക്കാരിലെ ഒരു മന്ത്രി ജൂതനായിരുന്നു. ഇന്നും ഞങ്ങളുടെ പല ആദരണീയരായ നേതാക്കളും ക്രിസ്ത്യാനികളാണ്. ഇന്ത്യയുടെ പരമോന്നത നേതാവായ മഹാത്മാഗാന്ധിയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവുമെല്ലാം ഫലസ്തീന്റെ കൂടി നേതാക്കളാണ്,’ അബ്ദുല്ല മുഹമ്മദ് അബു സാവേശ് പറഞ്ഞു.
എന്നാല്‍ ഇന്ന് തന്റെ പൂര്‍വിക പിതാക്കന്മാരെല്ലാം ഫലസ്തീനില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇസ്രഈലിന്റെ വംശഹത്യയില്‍ ഫലസ്തീന്‍ ഞെരിഞ്ഞമരുകയാണ്. താന്‍ ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നതെന്നും അബു സാവേശ് പറഞ്ഞു.
ഫലസ്തീന്‍ സ്വാതന്ത്രമാകുന്നത് വരെ പോരാട്ടം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം ദുരിതമെന്തെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നും അബു സാവേശ് കൂട്ടിച്ചേര്‍ത്തു. ഒരുകാലത്ത് ഇന്ത്യയും ഫലസ്തീനുമെല്ലാം ബ്രിട്ടന്റെ കീഴിലായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടായതുപോലെ തങ്ങളും സ്വതന്ത്രമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനോടൊപ്പം നിലകൊള്ളുന്നതില്‍ ഇന്ത്യയോട് ഒരുപാട് കടപാടുണ്ടെന്നും അബു സാവേശ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ഒരു തരത്തിലുമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നും അറബ് രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയാണ് ഫലസ്തീനെ ഒരു രാഷ്ട്രമായി ആദ്യം അംഗീകരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നിലവിലെ സര്‍ക്കാരും മുന്‍ സര്‍ക്കാരും ഫലസ്തീന്റെ പരമാധികാരത്തിന് വേണ്ടി ഒരുപാട് ചുവടുകള്‍ വെച്ചിട്ടുണ്ടെന്നും അബു സാവേശ് പറഞ്ഞു.
ഫലസ്തീന് വേണ്ടി ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഈ പോരാട്ടത്തില്‍ എല്ലാവരും പങ്കുചേരണം. തങ്ങളുടെ സമൂഹ മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തിയും ഈ പോരാട്ടത്തില്‍ നിങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുവഹിക്കാമെന്നും അബു സാവേശ് പറഞ്ഞു.
Content Highlight: Palestine is not an issue between Muslim and Jewish communities: Palestinian ambassador