ടെല്‍അവീവ്: ജെറുസലേമിലും ഗസയിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഫലസ്തീന്‍ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇസ്രഈല്‍ വിലക്കിയതായി ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
2026 നവംബര്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സാങ്കേതികമായ കാര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഇസ്രഈല്‍ അനുമതി നിഷേധിച്ചത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പലസ്തീനില്‍ നടക്കാനിരിക്കുന്ന ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
ഇസ്രഈലിലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം, നവംബര്‍ 28-നാണ് ഫലസ്തീന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ 2021-ല്‍ സംഭവിച്ചതുപോലെ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്നാണ് ഭൂരിഭാഗം ഫലസ്തീനികളുടെയും ആശങ്ക.
‘നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായെത്തിയ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷനെ ഗസയിലേക്കും ജറുസലേമിലേക്കും പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രഈല്‍ സര്‍ക്കാര്‍ വിലക്കി,’ ഫലസ്തീന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വഫാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വഷയത്തില്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയമോ ഫലസ്തീന്‍ പ്രദേശങ്ങളിലെ സിവിലിയന്‍ കാര്യങ്ങളുടെ ചുമതലയുള്ള കോഗാറ്റോ പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്രഈലിന്റെ വിലക്ക് മറികടന്നും തെരഞ്ഞെടുപ്പ് പ്രക്രിയ തുടരാന്‍ കമ്മീഷന് സാധിക്കുമെന്ന് ഫലസ്തീന്‍ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ വക്താവ് ഫരീദ് തഅമല്ലാഹ് എ.എ.ഫ്പിയോട് പറഞ്ഞു.
ഇസ്രായേലിന്റെ വിലക്ക് നിലനില്‍ക്കെത്തന്നെ കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സംഘടിപ്പിക്കുന്നത് തുടരുകയാണെന്നും ഗസയിലെ കമ്മീഷന്‍ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അവര്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തെ അയക്കാന്‍ സജ്ജമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞ കാജ കല്ലാസും പറഞ്ഞു.
‘വിശ്വസനീയവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുതാര്യവുമായ തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ ഫലസ്തീനികള്‍ക്ക് അവകാശമുണ്ട്,’ ഫലസ്തീന്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ അല്‍-ഷെയ്ഖുമായി സംസാരിച്ച ശേഷം കല്ലാസ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജറുസലേം, ഗസ എന്നിവിടങ്ങളിലെ എല്ലാ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമാകുന്ന ഏതൊരു പ്രതിബന്ധവും തരണം ചെയ്യാനുള്ള ഫലസ്തീന്‍ ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ പിന്തുണ വേണമെന്ന് ഷെയ്ഖും ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ ആദ്യവാരം ഫലസ്തീന്‍ ഉന്നത ഉദ്യോഗസ്ഥനും ഫത്ത പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായ ജിബ്രിന്‍ റജൂബ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, നവംബറിലെ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിലെ പ്രതിസന്ധികള്‍ക്ക് വലിയൊരു പരിഹാരം കാണാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യം നടത്തുകയാണ് വേണ്ടതെന്ന് 90-കാരനായ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ പാര്‍ട്ടിയുടെ നേതാവ് കൂടിയായ റജൂബ് അഭിപ്രായപ്പെട്ടു.
ഫത്ത പാര്‍ട്ടിയുടെ പ്രധാന എതിരാളികളായ ഹമാസും ഡെമോക്രാറ്റിക് റിഫോം കറന്റും ഈ തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥി പട്ടികയുമായി മത്സരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
നവംബറില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേവലം 29 ശതമാനം ഫലസ്തീനികള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന് ജറുസലേം മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഓഗസ്റ്റില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ അവസാനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് 2006ലാണ്. അന്ന് വെസ്റ്റ് ബാങ്കിന്റെ ചുമതലയുള്ള ഫത്ത പാര്‍ട്ടിയെ പരാജയപ്പെടുത്തി ഹമാസ് വിജയം നേടി.
രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ പാര്‍ലമെന്റായ ‘പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍’ 2007-ന് ശേഷം പിന്നീട് ഒത്തു ചേര്‍ന്നിട്ടില്ല.
നിലവിലെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് 2005-ലെ തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി 2009-ല്‍ അവസാനിച്ചതാണെങ്കിലും, അതിനുശേഷം പ്രത്യേക ഓര്‍ഡിനന്‍സുകളിലൂടെയും ഉത്തരവുകളിലൂടെയുമാണ് അദ്ദേഹം ഭരണം തുടരുന്നത്.
Content Highlight: Palestine Election: Israel Bans Election Officials