| Monday, 29th September 2025, 1:32 pm

ഫലസ്തീനിലെ ക്രിസ്ത്യാനികളെയും ഇസ്രഈല്‍ തുടച്ചുനീക്കിയെന്ന് ഫലസ്തീന്‍ ചര്‍ച്ച് കമ്മിറ്റി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: തുടര്‍ച്ചയായ ബോംബ്, മിസൈല്‍ ആക്രമണങ്ങളിലൂടെയും ഉപരോധത്തിലൂടെയും ഇസ്രഈല്‍ ഇല്ലാതാക്കിയത് ഫലസ്തീനിലെ ക്രിസ്തീയ വിശ്വാസികളുടെ സാന്നിധ്യത്തെയും. ഫലസ്തീനിലെ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഫോര്‍ ചര്‍ച്ച് അഫയേഴ്‌സ് എന്ന ഫലസ്തീന്‍ സര്‍ക്കാരിന് കീഴിലെ സ്ഥാപനത്തിന്റെ കമ്മിറ്റിയാണ് ഇസ്രഈലിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മിഡില്‍ ഈസ്റ്റില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ സംരക്ഷിക്കുന്ന ഒരേയൊരു രാജ്യം ഇസ്രഈല്‍ ആണെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദത്തിനെതിരെയാണ് ഫലസ്തീനിലെ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഫോര്‍ ചര്‍ച്ച് അഫയേഴ്‌സ് രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭയില്‍ വെള്ളിയാഴ്ച പൊതുസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നെതന്യാഹു ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നെന്ന അവകാശവാദം നടത്തിയത്.

എന്നാല്‍, ഇസ്രഈല്‍ സ്ഥാപിക്കപ്പെട്ട കാലം മുതല്‍ തന്നെ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം ശക്തമായിരുന്നു. 1948ലെ ആദ്യ നഖ്ബ അഥവാ കൂട്ടപലായനത്തിന് മുമ്പ് ക്രിസ്ത്യന്‍ വിശ്വാസികള്‍ ഫലസ്തീന്‍ ജനതയുടെ 12.5 ശതമാനമായിരുന്നു.

ഇസ്രഈല്‍ രാജ്യം സ്ഥാപിക്കപ്പെടുന്നതിന്റെ ഭാഗമായുള്ള കടന്നുകയറ്റത്തില്‍ ആയിരക്കണക്കിന് ക്രിസ്ത്യന്‍ വിശ്വാസികളാണ് കുടിയിറക്കപ്പെട്ടത്.

ഇന്നത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ആകെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളില്‍ വെറും 1.2 ശതമാനവും 1967ല്‍ ഇസ്രഈല്‍ അധിനിവേശം നടത്തിയ, ഫലസ്തീനികള്‍ പലായനം ചെയ്ത പ്രദേശങ്ങളില്‍ 1 ശതമാനം മാത്രവുമാണ് ക്രിസ്ത്യാനികളുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

ഇസ്രഈലിന്റെ വംശീയ ഉന്മൂലനവും നിര്‍ബന്ധിത കുടിയിറക്കവും ഭൂമി കൈയ്യേറ്റവും അടിച്ചമര്‍ത്തലുമാണ് ക്രിസ്ത്യാനികളുടെ ജനസംഖ്യാ ഇടിവിന് കാരണമായതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

ഇസ്രഈലില്‍ ഗസയില്‍ ആക്രമണം കടുപ്പിച്ച രണ്ടര വര്‍ഷത്തിനുള്ളില്‍ 44 ഫലസ്തീന്‍ ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ആക്രമണം മാത്രമല്ല, ഭക്ഷ്യ-മരുന്ന് ക്ഷാമവും മാനുഷികമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാതെയുള്ള ദുരിതങ്ങളും മരണങ്ങള്‍ക്ക് കാരണമായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

യുദ്ധ കുറ്റവാളിയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള വ്യക്തിയുമായ നെതന്യാഹു യു.എന്‍ പൊതുസഭയില്‍ ഫലസ്തീനിലെ ക്രിസ്ത്യാനികളെ കുറിച്ച് നുണ പറഞ്ഞിരിക്കുകയാണ്. ഇസ്രഈലിന്റെ കൊളോണിയല്‍ നയങ്ങളും വംശീയ ഉന്മൂലനവും വംശഹത്യയും വര്‍ണവിവേചനവുമാണ് ഫലസ്തീനിലെ ക്രിസ്ത്യാനികളെ ഇല്ലാതാക്കിയതെന്നും കമ്മിറ്റി പ്രതികരിച്ചു.

ഇസ്രഈലിന്റെ കൊളോണിയല്‍ ഭരണത്തിന് കീഴില്‍ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഒരുപോലെ ദുരിതത്തിലാണ്. ഫലസ്തീനിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തെ തുടച്ചുനീക്കുന്നതിനെ പ്രതിരോധിക്കണം. ഇത് ഒരു പ്രാദേശിക വിഷയമായി കണ്ട് തള്ളിക്കളയാനാകില്ല. ഇത് ആഗോളവും മാനുഷികവും ധാര്‍മ്മികവും നിയമപരവുമായ വിഷയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.

2023 ഒക്ടോബറിന് ശേഷം നടത്തിയ ആക്രമണങ്ങളിലും ഇസ്രഈല്‍ ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളോ വീടുകളോ ഒഴിവാക്കിയില്ല. സെന്റ് പോര്‍ഫിറിയസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും കാത്തലിക് ഹോളി ഫാമിലി ചര്‍ച്ചും ഇസ്രഈല്‍ ബോംബിട്ട് തകര്‍ത്തു. ഇവിടങ്ങളില്‍ സംരക്ഷണം തേടിയ അഭയാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അല്‍-ആഹ്‌ലി അറബ് ആശുപത്രി, ഓര്‍ത്തഡോക്‌സ് അറബ് കള്‍ച്ചചറല്‍ ആന്റ് സോഷ്യല്‍ സെന്റര്‍ തുടങ്ങിയ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട പ്രധാന സ്ഥാപനങ്ങള്‍ ഇസ്രഈല്‍ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ വിശ്വാസികളുടെ വീടുകള്‍ ആക്രമിച്ചതോടെ അവര്‍ ആരാധനാലയങ്ങളില്‍ സംരക്ഷണം തേടി.

എന്നാല്‍ വിശ്വാസികളെ വെറുതെ വിടാന്‍ തയ്യാറാകാതെ അവിടെയും ഇസ്രഈല്‍ ആക്രമണം നടത്തുകയായിരുന്നു. വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപത്തെ ക്രിസ്തീയ ഗ്രാമമായ തായ്‌ബെയ്ക്ക് നേരെ തീവ്രവാദ ആക്രണമുണ്ടായി. വിശുദ്ധ മണ്ണില്‍ ജീവിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇസ്രഈലിന്റെ ഭീഷണികളെന്ന് റിപ്പോര്‍ട്ട് വിമര്‍ശിച്ചു.

തൊണ്ണൂറായിരം ഫലസ്തീന്‍ ക്രിസ്ത്യാനികളെ ആട്ടിപ്പായിക്കുകയും 30ലേറെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തത് ഇസ്രഈലിന്റെ ക്രിസ്ത്യാനികള്‍ക്ക് എതിരായ ക്രൂരതയ്ക്ക് ഉദാഹരണമാണ്.

1948ല്‍ ഇസ്രഈലിന്റെ ജ്യൂവിഷ് പാരാമിലിട്ടറി ഗ്രൂപ്പായ ഹഗാന ജെറുസലേമിലെ സെമിറാമിസ് ഹോട്ടലില്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 25 ഫലസ്തീന്‍ ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. നസ്രേത്തിനടുത്തുള്ള എലിയബന്‍ ഗ്രാമത്തില്‍ 12 ക്രിസ്ത്യന്‍ വിശ്വാസികളെ കൊലപ്പെടുത്തിയതും ഈ റിപ്പോര്‍ട്ട് ഇസ്രഈലിനെ ഓര്‍മിപ്പിക്കുന്നുണ്ട്.

സത്യം നിഷേധിക്കാനാകില്ല. ഇസ്രഈല്‍ വിശുദ്ധമണ്ണിലെ ക്രിസ്ത്യാനികളുടെ സാന്നിധ്യത്തെ തുടച്ചുനീക്കുകയാണ്. ക്രിസ്ത്യാനിളെ സംരക്ഷിക്കുകയാണെന്ന നെതന്യാഹുവിന്റെ കള്ളത്തിന് ഫലസ്തീനികളുടെ ജീവിത യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാകില്ലെന്നും കമ്മിറ്റി വിമര്‍ശിച്ചു.

ആക്രമണത്തോടൊപ്പം ക്രിസ്ത്യന്‍ വിശ്വാസികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന നിരവധി നിയമവിരുദ്ധമായ നടപടികളും ഇസ്രഈലിന്റെ ഭാഗത്തുനിന്നുമുണ്ടായി.

ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റിന്റെ ജെറുസലേമിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ സ്വത്തുക്കള്‍ക്ക് മേല്‍ അമിതമായ നികുതികള്‍ ഏര്‍പ്പെടുത്തി, അര്‍മേനിയന്‍ പള്ളിയുടെ സ്വത്ത് കണ്ടുകെട്ടി തുടങ്ങിയ പ്രവര്‍ത്തികളിലൂടെ ഇസ്രഈല്‍ ക്രിസ്ത്യാനികളുടെ ജീവിതം ദുസ്സഹമാക്കി.

യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമില്‍ സൈനിക ചെക്ക് പോസ്റ്റുകളും നഗരത്തെ വിഭജിക്കുന്ന മതിലുകളും ഉയര്‍ത്തി ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇസ്രഈല്‍ അധിനിവേശത്തിനായി ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള ഭൂമികള്‍ കൈയ്യേറുകയാണ്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ 2002ലെ വെസ്റ്റ് ബാങ്ക് അധിനിവേശ കാലത്ത് ഫലസ്തീനിലെ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ ഇസ്രഈലിന്റെ ടാങ്ക് ആക്രമണത്തിന് ഒരുങ്ങുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight:  Palestine Church Committee report says Israel wiped out Christians in Palestine, and Netanyahu lies in UN

We use cookies to give you the best possible experience. Learn more