| Thursday, 24th July 2025, 3:46 pm

ഫലസ്തീനിലെ ഞങ്ങളുടെ നിലപാട് അചഞ്ചലം; ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനവുമായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഇന്ത്യ. ഇടക്കാലങ്ങളില്‍ ഉണ്ടാകുന്ന വെടിനിര്‍ത്തലും യുദ്ധയിടവേളകളും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഗസയിലെ നിവാസികള്‍ക്ക് പര്യാപ്തമല്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞു.

ഭക്ഷണം, ഇന്ധനം, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയവയുടെ രൂക്ഷമായ ക്ഷാമം ഫലസ്തീനികളെ ദിനംപ്രതി ദുരിതത്തിലാഴ്ത്തുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ബുധനാഴ്ച നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ചര്‍ച്ചയില്‍, ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പര്‍വ്വതനേനി ഹരീഷാണ് നിലപാട് വ്യക്തമാക്കിയത്.

ഫലസ്തീന്‍ വിഷയത്തോടുള്ള ഇന്ത്യയുടെ നിലപാട് അചഞ്ചലമാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുക എന്നതാണ് ഇന്ത്യയുടെ നിലപാട്. ഗസയിലേക്ക് സമയബന്ധിതമായി മാനുഷിക സഹായമെത്തിക്കണമെന്നും ഹരീഷ് പറഞ്ഞു. സമാധാനത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

തടവില്‍ കഴിയുന്ന മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണം. ബന്ദിമോചനം നടപ്പിലാക്കാനുള്ള ഏക മാര്‍ഗം ആശയവിനിമയവും നയതന്ത്രവുമാണെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ ഗസയിലെ 95 ശതമാനം ആശുപത്രികള്‍ തകര്‍ക്കപ്പെടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, മേഖലയിലെ 6.5 ലക്ഷത്തിലധികം കുട്ടികള്‍ക്ക് 20 മാസത്തിലേറെയായി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞു.

എന്നാല്‍ ഗസയില്‍ എത്രയും വേഗം ഉപാധികളില്ലാത്തതും സ്ഥിരവുമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട കരട് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്നും ജൂണില്‍ ഇന്ത്യ വിട്ടുനിന്നിരുന്നു. അതേസമയം ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സ്‌പെയിന്‍ അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എന്‍ പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെയാണ് അംഗീകരിച്ചത്.

പക്ഷെ ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 12 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. 149 വോട്ടുകളാണ് അനുകൂലമായി ലഭിച്ചത്. അല്‍ബേനിയ, കാമറൂണ്‍, ഇക്വഡോര്‍, എത്യോപ്യ, മലാവി, പനാമ, ദക്ഷിണ സുഡാന്‍, ടോഗോ എന്നിവ വിട്ടുനിന്ന രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും അല്ലാതെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല എന്ന വിശ്വാസമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പി. ഹരീഷ് അന്ന് പറഞ്ഞത്. ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ അവതരിപ്പിച്ച മൂന്നാമത്തെ പ്രമേയമായിരുന്നു ഇത്.

Content Highlight: India calls for ceasefire in Gaza

We use cookies to give you the best possible experience. Learn more