| Friday, 4th September 2026, 5:46 pm

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് ഖുര്‍ആനില്‍ പറയുന്നില്ല; ഇസ്‌ലാമില്‍ ലിംഗ വിവേചനമില്ല:  പാളയം ഇമാം

റെന്വര്‍ പി

തിരുവനന്തപുരം: ഇസ്‌ലാമില്‍ ലിംഗ വിവേചനമില്ലെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് ഖുര്‍ ആനില്‍ എവിടെയും പറയുന്നില്ലെന്നും പാളയം ഇമാം വി.പി ശുഹൈബ് മൗലവി. ഇസ്‌ലാം സ്ത്രീകളുടെ പൊതു പങ്കാളിത്തത്തിന് ഒരു നിലക്കും എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജുമാ ഖുത്തുബയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇസ്‌ലാമില്‍ ലിംഗ വിവേചനമില്ല. അനാവശ്യ നിയന്ത്രണങ്ങളുടെ ആവശ്യമില്ല. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് ഖുര്‍ ആനില്‍ എവിടെയും പറയുന്നില്ലെ,’ പാളയം ഇമാം പറഞ്ഞു.

ഖുര്‍ആനില്‍, ഇസ്‌ലാമില്‍ ഒരു തരത്തിലുള്ള ലിംഗ വിവേചനവുമില്ല എന്ന് നമുക്ക് വളരെ വ്യക്തമായിട്ട് തന്നെ കാണാന്‍ കഴിയും. പരാമര്‍ശങ്ങളില്‍ പോലും സ്ത്രീപുരുഷന്‍മാര്‍ക്കിടയിലെ തുല്യതയാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. സ്വകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഒരു അര്‍ത്ഥത്തിലുള്ള ലിംഗവിവേചനവും ഇസ്‌ലാമിലില്ല. ആണ്‍ പെണ്‍ പക്ഷപാതിത്തവും വിവേചനവുമില്ലാതെ സല്‍ പ്രവൃത്തിക്ക് അല്ലാഹു ഒരുപോലെ പ്രതിഫലം നല്‍കുമെന്ന് വിശുദ്ധ ഖുര്‍ ആനില്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്‌ലാം ഒരിക്കലും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകള്‍ക്കോ പൊതു പങ്കാളിത്തത്തിനോ ഒരു നിലക്കും എതിരല്ല. സ്ത്രീകള്‍ പൊതു രംഗത്ത് വരുന്നതില്‍ ഇസ് ലാമില്‍ തടസ്സങ്ങളില്ലെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. പ്രവാചക പത്‌നിയായ ഖദീജ വിവാഹ ശേഷവും കച്ചവടവുമായി ബന്ധപ്പെട്ട ജോലികള്‍ പുരുഷന്‍മാര്‍ക്കൊപ്പം ചെയ്തിട്ടുണ്ട്. പ്രവാചക പത്‌നിയായിരുന്നു ഐഷ യുദ്ധം നയിച്ചിരുന്നു. ഒരു പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ അന്ന് അവര്‍ ഇടപെട്ടിരുന്നെന്നും പാളയം ഇമാം പറഞ്ഞു.

സ്ത്രീകളുടെ പൊതു ഇടപെടലുകള്‍ക്കെതിരായ എ.പി സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് ഇപ്പോള്‍ പാളയം ഇമാമിന്റെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്. സ്ത്രീകള്‍ പൊതു രംഗത്ത് ഇറങ്ങാന്‍ പാടില്ലെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടിരുന്നു.

ഒരു സര്‍ക്കുലറിലും പിന്നീട് കൊച്ചിയില്‍ ഒരു സംഘടനാ പരിപാടിയില്‍ സംസാരിക്കുമ്പോഴുമായിരുന്നു സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെതിരായ കാന്തപുരത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്,’ എന്നാണ് സര്‍ക്കുലറില്‍ കാന്തപുരം പറഞ്ഞത്. ഇതിന് പിന്നാലെ ‘സ്ത്രീകള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം,’ എന്ന് കൊച്ചിയില്‍ ഒരു സംഘടനാ പരിപാടിയില്‍ സംസാരിക്കവെ കാന്തപുരം പറഞ്ഞിരുന്നു.

‘സ്ത്രീകളെ ഇങ്ങനെ രംഗത്തിറക്കിയാല്‍ അത് വലിയ നാശമാണ് എന്ന് കണ്ടുകൊണ്ട് തന്നെയാണ് ഇസ്ലാം സ്ത്രീകള്‍ക്ക് പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, അവര്‍ രംഗത്തിറങ്ങാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു. അത് ബുദ്ധിപരമായി ആലോചിച്ചാലും അത് വലിയ സംഗതിയാണ്,’ എന്നായിരുന്നു കൊച്ചിയില്‍ സംസാരിക്കവെ കാന്തപുരം നടത്തിയ വിവാദ പരാമര്‍ശം.

‘താന്‍ സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം നല്‍കി എന്നുപറയുന്നത് ശരിയല്ല,’ എന്ന് ഇന്നലെ (സെപ്തംബര്‍ മൂന്ന്, വ്യാഴം) തൃശ്ശൂരില്‍ സംസാരിക്കവെ കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും കാന്തപുരം പറഞ്ഞിരുന്നു.

‘സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല. കാരന്തൂര്‍ മര്‍കസില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നതും സ്ത്രീകളാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം ഞാന്‍ വെറുതേ കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരോ അങ്ങനെ കുഴിച്ചുമൂടണമെന്ന് പറയുന്നവരോ അല്ല,’ കാന്തപുരം പറഞ്ഞിരുന്നു.

Content Highlight: Palayam Imam Speach: Says Islam Don’t Restricts Women

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more