കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്‌കൂളിന് പിന്നാലെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കോഴിക്കോട്ടെ പാലാട്ട് യു.പി. സ്‌കൂളും അടച്ചുപൂട്ടി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പിനെത്തുടര്‍ന്ന് പ്രതിഷേധങ്ങളൊന്നും ഇല്ലാതെ തീര്‍ത്തും സമാധനപരമായ അന്തരീക്ഷത്തിലാണ് എ.ഇ.ഒ കെ.എസ് കുസുമത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്.
കുട്ടികളെ താല്‍ക്കാലികമായി സമീപത്തുളള തിരുവണ്ണൂര്‍ ഗവ യു.പി സ്‌കൂളിലേക്കും സര്‍വ്വശിക്ഷാ അഭിയാന്റെ റിസോര്‍സ് സെന്ററിലേക്കും മാറ്റി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസറുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റിയത്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ഒരുമാസത്തേക്ക് ക്ലാസുകള്‍ തിരുവണ്ണൂര്‍ സ്‌കൂളില്‍ നടക്കുമെന്ന് സംരക്ഷണ സമിതി അറിയിച്ചു. 61 വര്‍ഷം പഴക്കമുളള സ്‌കൂളില്‍ മൊത്തം 16 കുട്ടികളാണുളളത്.