കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി നേതാവ് കെ. പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാലത്തായിയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ കണ്ടെത്തല്‍.
ശിക്ഷാവിധി നാളെ (ശനി) പ്രഖ്യാപിക്കും. 2020ല്‍ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയില്‍ സ്‌കൂളിലെ ബാത്ത്‌റൂമില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പത്മരാജനെതിരായ കേസ്.
376 എബി, ബലാത്സംഗം, പോക്‌സോ അടക്കമുള്ള കുറ്റങ്ങളാണ് പത്മരാജനെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ശേഷം തലശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പോക്‌സോ വകുപ്പ് ഒഴിവാക്കി പത്മരാജനെതിരെ പൊലീസ് കുറ്റപത്രം നല്‍കിയത് വലിയ വിവാദമായിരുന്നു. പിന്നാലെ കേസില്‍ പ്രതിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
അതേസമയം 2020 ജനുവരിയില്‍ 10 വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി മാര്‍ച്ച് 17നാണ് പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂര്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്.
തുടര്‍ന്ന് മാര്‍ച്ച് 17ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്.
രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും അതിനാല്‍ സി.ബി.ഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പത്മരാജന്റെ ആവശ്യം.
Content Highlight: Palathayi pocso case; BJP leader K. Padmarajan found guilty by court