കോഴിക്കോട്: പാലത്തായി കേസില്‍ ബി.ജെ.പി നേതാവ് കെ. പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് വിധിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണം.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പാലത്തായിയിലെ സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതെന്നാണ് ഹിന്ദുത്വവാദിയായ പ്രതേഷ് വിശ്വാനന്ദിന്റെ വാദം.
കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചുള്ള പോസ്റ്റ് പത്മരാജന്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ പാലത്തായി സ്‌കൂളിലെ ഒരു അറബി അധ്യാപിക പത്മരാജനെതിരെ വീടുവീടാന്തരം കയറി ഇറങ്ങിയെന്നും പ്രതേഷ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതേഷിന്റെ വാദങ്ങള്‍.
ഇതിനിടെ ഒരു മുസ്‌ലിം കുടുംബത്തിലെ ഒരു വ്യക്തി ‘പത്മരാജനെ എന്തെങ്കിലും കേസില്‍ കുടുക്കി ഒഴിവാക്കികൂടെ’ എന്ന് അറബി അധ്യാപികയോട് ചോദിച്ചതായും പ്രതേഷ് പറയുന്നു.
ഇതിനുശേഷമാണ് പത്ത് വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടി ശുചിമുറിയില്‍ വെച്ച് പത്മരാജന്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചതെന്നുമാണ് പ്രതേഷ് പറയുന്നത്.
അതിജീവിതയെ മോശമായി ചിത്രീകരിച്ചുകൊണ്ടാണ് പ്രതേഷ് വിശ്വാനന്ദിന്റെ പോസ്റ്റ്. ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ചില്ലെന്നും ഒരുപക്ഷെ നിലവിളിച്ചിരുന്നെങ്കില്‍ ഒന്നരമീറ്റര്‍ അപ്പുറത്തുള്ള സഹപാഠികള്‍ അത് കേട്ടുവന്ന് രക്ഷിച്ചാലോ എന്ന് പേടിച്ചിട്ടാകുമെന്നും ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്.
പെണ്‍കുട്ടി പലതവണ മൊഴി മാറ്റി പറഞ്ഞതായും പ്രതേഷ് കുറിച്ചു. മൊഴിയില്‍ ഉന്നയിച്ചിരുന്ന പല കാര്യങ്ങളും ഉള്ളതല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും കുറിപ്പില്‍ പറയുന്നു.
പോസ്റ്റില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെയും കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്നുണ്ട്. ഹിന്ദു ആയിപ്പോയില്ലേ എന്നും നമുക്കാര്‍ക്കും ഈ ഗതി വരുത്തരുതേയെന്നും പറഞ്ഞുകൊണ്ടാണ് പ്രതേഷിന്റെ കുറിപ്പ് അവസാനിക്കുന്നത്.
തലശേരി അതിവേഗ പോക്സോ കോടതിയാണ് പത്മരാജനെ ജീവപര്യന്തം തടവിന് വിധിച്ചത്. രണ്ട് പോക്സോ കേസുകളിലായാണ് ശിക്ഷാവിധി.
പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2020 ഫെബ്രുവരിയിലാണ് പത്മരാജനെതിരെ പരാതി ഉയര്‍ന്നത്. 2020 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ മൂന്ന് തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശുചിമുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഫ്.ഐ.ആര്‍
Content Highlight: Palathayi case; Hate speech after K. Padmarajan sentenced to life imprisonment