തലശേരി: പാലത്തായി പീഡനക്കേസില്‍ പ്രതിയും ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി. രണ്ട് പോക്‌സോ കേസുകളിലായി 20 വര്‍ഷം വീതം പത്മരാജന് ശിക്ഷ വിധിച്ചു.
കേസിലെ വിധിയില്‍ പ്രോസിക്യൂഷന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പ്രോസിക്യൂഷന്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2020 ഫെബ്രുവരിയിലാണ് പത്മരാജനെതിരെ പരാതി ഉയര്‍ന്നത്.
2020 ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള സമയങ്ങളില്‍ മൂന്ന് തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ശുചിമുറിയിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പീഡനത്തെ കുറിച്ച് വിദ്യാര്‍ത്ഥിനി തന്നെയാണ് ചൈല്‍ഡ്‌ലൈനിനോട് വെളിപ്പെടുത്തിയത്. പിന്നീട് പരാതിയുമായി കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളുള്‍പ്പെടെ കേസിനെ ചൊല്ലി ഉയര്‍ന്നുകേട്ടിരുന്നു.
2020 മാര്‍ച്ച് 17ന് പാനൂര്‍ പൊലീസ് കേസെടുക്കുകയും ഏപ്രില്‍ 15ന് കേസിലെ പ്രതിയായ പത്മരാജനെ പൊയിലൂര്‍ വിളക്കോട്ടൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് ഡി.ജി.പി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പിന്നീട് കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതോടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി രേഷ്മ രമേശ് ഉള്‍പ്പെട്ട സംഘം അന്വേഷണം ഏറ്റെടുത്തു.
ഈ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നും പോക്‌സോ വകുപ്പ് ഒഴിവാക്കിയിരുന്നു. 2024 ഫെബ്രുവരിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എം ഭാസുരിയും പ്രതിഭാഗത്തിനായി അഡ്വ. പി. പ്രേമരാജനും ഹാജരായി.
പീഡനത്തിനിരയായ കുട്ടി, കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ത്ഥി, നാല് അധ്യാപകര്‍ തുടങ്ങി 40 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
തളിപ്പറമ്പ് ഡി.വൈ.എസ്.പി ആയിരുന്ന ടി.കെ രത്‌നകുമാര്‍ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു. വ്യാജ തെളിവുകളുണ്ടാക്കിയെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
Content Highlight :Palathayi case: Accused Padmarajan gets life imprisonment till death; fined two lakhs