കണ്ണൂർ: പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പാലത്തായി യു.പി. സ്കൂൾ അധ്യാപകൻ കെ. പത്മരാജനെ ശിക്ഷ വിധിച്ച സാഹചര്യത്തിൽ സേവനത്തിൽ നിന്നും പിരിച്ചുവിടാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ മാനേജർക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം XIV-A, ചട്ടം 77-A പ്രകാരമുള്ള നടപടി സ്വീകരിച്ച് അടിയന്തരമായി സേവനത്തിൽ നിന്നും നീക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.
വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യണമെന്നും ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്.
അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ച സംഭവത്തില്‍ സന്തോഷമുണ്ടെന്ന് മുന്‍മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
താന്‍ ആരോഗ്യ, വനിതാ-ശിശു സംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെയായിരുന്നു ഈ സംഭവം നടന്നതെന്നും പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ച സമയത്ത് തന്നെ താന്‍ തലശേരി ഡി.വൈ.എസ്.പിയെ വിളിച്ച് കുറ്റമറ്റ രീതിയില്‍ കേസ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഷൈലജ കൂട്ടിച്ചേർത്തു.
താനും പാര്‍ട്ടിയും ഒട്ടേറെ അപവാദ പ്രചാരണത്തിന് ഇരയായിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ശ്രമിച്ചിരുന്നെന്നുംഅവര്‍ പ്രതികരിച്ചു.
വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും ആദ്യം പത്മരാജന് പോക്‌സോ തടവ് അനുഭവിക്കണമെന്നും പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി പ്രതികരിച്ചു.
പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഭാസുരി പറഞ്ഞു.
പാലത്തായി പീഡനക്കേസില്‍ പ്രതിയും ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന് ഇന്ന് തലശേരി അതിവേഗ പോക്‌സോ കോടതിയാണ് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. രണ്ട് പോക്‌സോ കേസുകളിലായി 20 വര്‍ഷം വീതമാണ് പത്മരാജന് ശിക്ഷ വിധിച്ചത്.
പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ്. 2020 ഫെബ്രുവരിയിലാണ് പത്മരാജനെതിരെ പരാതി ഉയര്‍ന്നത്.
ഫേസ്ബുക്കിന്റെ പൂർണ രൂപം
പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയ നിർദേശം കണ്ണൂർ പാലത്തായി യു.പി. സ്കൂൾ അധ്യാപകൻ പത്മരാജനെതിരായ പോക്സോ കേസിൽ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ. അദ്ധ്യായം XIV-A, ചട്ടം 77-A പ്രകാരമുള്ള തുടർ നടപടി സ്വീകരിച്ച് ഇയാളെ സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് സ്കൂൾ മാനേജർക്ക് അടിയന്തിര നിർദ്ദേശം നൽകുന്നതിന് ചുമതലപ്പെടുത്തി. ഈ വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി.
Content Highlight: Palathai rape case; Sivankutty instructs school manager to dismiss Padmarajan