| Wednesday, 6th January 2021, 5:08 pm

തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം; ഇബ്രാഹിംകുഞ്ഞിനോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.

സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി ഇബ്രാഹിംകുഞ്ഞിനോട് പറഞ്ഞു. എം.ഇ.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു.

ഇത് പരിഗണിച്ച കോടതി മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം എന്ന് അഭിപ്രായപ്പെട്ടു.

നേരത്തെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുമ്പാകെ എത്തിയപ്പോള്‍ ജയിലില്‍ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്.

ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം രണ്ടു തവണ ആശുപത്രിയിലെത്തി ചോദ്യം ചെയ്തിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.

2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. താമസിയാതെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുണ്ടെന്നും കണ്ടെത്തി.

തുടര്‍ന്ന് 2019 മേയ് 1-ന് രാത്രി മുതല്‍ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി.

ഈ ഘട്ടത്തില്‍ ഭാരപരിശോധന നടത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

പാലം അപകടാവസ്ഥയിലാണെങ്കില്‍ അത് പൊളിച്ച് പണിയാം എന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പാലത്തിന്റെ ദുര്‍ബല സ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palarivattom Over Bridge Scam VK Ibrahimkunju Highcourt

Latest Stories

We use cookies to give you the best possible experience. Learn more