| Monday, 6th October 2025, 8:32 am

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; അംഗീകരിക്കാതെ കെ.ജി.എം.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒമ്പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. ഇരുഡോക്ടര്‍മാരും ചികിത്സാ പ്രോട്ടോക്കോളില്‍ പിഴവ് വരുത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് കെ.ജി.എം.ഒ അറിയിച്ചു. ചികിത്സ പിഴവില്ലെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം പല്ലശ്ശന സ്വദേശിയായ വിനോദിനി എന്ന ഒമ്പതുവയസുകാരിയുടെ കയ്യാണ് മുറിച്ചുമാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റിയത്.

സെപ്റ്റംബര്‍ 24ന് വീട്ടില്‍ നിന്നും വീണ് പരിക്കേറ്റ വിനോദിനിയെ കുടുംബം ചിറ്റൂര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വെച്ച് സ്‌കാനിങ് നടത്തുകയും രണ്ടിടത്തായി പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കുട്ടിയുടെ കൈയ്യില്‍ മുറിവുമുണ്ടായിരുന്നു.

ഈ പരിക്കിന് മുകളില്‍ ഡോക്ടര്‍മാര്‍ പ്ലാസ്റ്ററിടുകയായിരുന്നു. ഇത് പിന്നീട് പഴുപ്പായി മാറുകയും കുട്ടിയുടെ കൈകളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ചെയ്തു.

കുട്ടിക്ക് വേദന സഹിക്കാനാകാതെ വന്നതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചതെന്ന് കുടുംബം അറിയിച്ചു. തുടര്‍ന്നാണ് കൈ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ നടത്തിയത്.

കുട്ടിയുടെ കൈകളിലേക്കുള്ള രക്തയോട്ടം നിലച്ചതിനുള്ള കാരണം വ്യക്തമാക്കാന്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ചികിത്സ പിഴവ് കണ്ടെത്തുകയും ആരോഗ്യവകുപ്പ് നടപടിയെടുക്കുകയും ചെയ്തത്.

പാലക്കാട് ജില്ല ആശുപത്രിക്കെതിരെ സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്.

Content Highlight: Medical malpractice at Palakkad District Hospital: Two doctors suspended; KGMO rejects

We use cookies to give you the best possible experience. Learn more