| Tuesday, 8th July 2025, 8:02 am

ചൈനയുടെ പിന്തുണ ലഭിച്ചെന്ന വെളിപ്പെടുത്തല്‍; രാജ്യത്തെ വില കുറച്ച് കാണിക്കാനുള്ള ശ്രമമെന്ന് പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് നേരെയുണ്ടായ പാകിസ്ഥാന്റെ ആക്രമണങ്ങളില്‍ ചൈനയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ കിട്ടിയെന്ന ഇന്ത്യയുടെ നിലപാടില്‍ വിമര്‍ശനവുമായി പാകിസ്ഥാന്‍. ഇന്ത്യയുടെ നിലപാട് വസ്തുതാ വിരുദ്ധമാണെന്നും പാകിസ്ഥാന്റെ പ്രതിരോധ രംഗത്തെ പ്രാപ്തി കുറച്ച് കാണിക്കാനുള്ള ശ്രമമാണെന്നും പാക് സൈനിക മേധാവി അസീം മുനീര്‍ പറഞ്ഞു.

പാകിസ്ഥാന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഏതൊരു ആക്രമണത്തേയും ചെറുക്കുമെന്നും അസീം മുനീര്‍ പ്രഖ്യാപിച്ചു.

‘ഞങ്ങളുടെ ജനവാസ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍, സാമ്പത്തിക കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെ ലക്ഷ്യം വെക്കാനുള്ള ഏതൊരു ശ്രമമവും പ്രതിരോധത്തിലപ്പുറം ആഴത്തിലുള്ളതും വേദനാജനകവുമായ മറുപടിയിലേക്ക് നയിക്കും,’ അസീം മുനീര്‍ പറഞ്ഞു. പരസ്പര ബഹുമാനത്തിലും സമാധാനത്തിലും മുന്നോട്ട് പോകാന്‍ പാകിസ്ഥാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യന്‍ സൈന്യത്തിന്റെ പരാര്‍ശത്തെ ചൈന അവഗണിച്ചു. ചൈന-പാകിസ്ഥാന്‍ ബന്ധം ഒരിക്കലും ഒരു മൂന്നാംകക്ഷിയെ ലക്ഷ്യമിട്ടല്ലെന്നും മറ്റ് ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും ഇന്ത്യ-ചൈന ബന്ധം നല്ല നിലയില്‍ മുന്നോട്ട് പോവുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് പറഞ്ഞു. എന്നാല്‍ ചൈനയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധമാണെന്നും സൗഹൃദ രാഷ്ട്രങ്ങള്‍ തമ്മില്‍ പ്രതിരോധ സുരക്ഷ സഹകരണങ്ങള്‍ സ്വാഭാവികമാണെന്നും നിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാന് ചൈനയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയ്ക്ക് നേരിടാന്‍ അതിര്‍ത്തിയില്‍ രണ്ട് എതിരാളികളുണ്ടായിരുന്നെന്നാണ് പാക്കിസ്ഥാനേയും ചൈനയേയും ചൂണ്ടികാട്ടി അദ്ദേഹം പറഞ്ഞത്.

പാക്കിസ്ഥാന്റെ സൈനിക സംവിധാനത്തിന്റെ 81 ശതമാനവും ചൈനയില്‍ നിന്നാണെന്നും സൈനിക സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനായി ചൈന പാകിസ്ഥാനെ ലൈവ് ലാബ് ആക്കി ഉപയോഗിക്കുന്നതായും സൈന്യം വെളിപ്പെടുത്തിയിരുന്നു.

പാക്-ചൈന പ്രതിരോധബന്ധം പരമ്പരാഗത ആയുധക്കൈമാറ്റങ്ങള്‍ക്കപ്പുറം വളര്‍ന്നിട്ടുണ്ടെന്നും പാകിസ്ഥാനുമായുള്ള ബന്ധത്തെ പരീക്ഷണത്തിനായുള്ള അവസരമായിട്ടാണ് ചൈന കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Pakisthan denies claim about china’s influence in attack against India  

We use cookies to give you the best possible experience. Learn more