| Thursday, 14th August 2025, 9:33 pm

ചൈന മോഡല്‍; പുതിയ സൈനിക വിഭാഗത്തെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പുതിയ സൈനിക വിഭാഗത്തെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ‘ആര്‍മി റോക്കറ്റ് ഫോഴ്സ്’ എന്ന പേരിലാണ് പുതിയ സൈനിക വിഭാഗത്തെ രൂപീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് പ്രഖ്യാപനം നടത്തിയത്. ഇതൊരു പ്രധാന നാഴിക്കല്ലാണെന്നാണ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.

ചൈനയുടെ ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്സിന്റെ മോഡലിലായിരിക്കും പാക് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനം. മിസൈലുകള്‍ക്കും റോക്കറ്റുകള്‍ക്കുമായി ഒരു പ്രത്യേക കമാന്‍ഡ് രൂപീകരിക്കുക എന്നതാണ് പാകിസ്ഥാന്റെ ലക്ഷ്യം.

പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഇന്ത്യയെയാണെന്ന് വിലയിരുത്തലുണ്ട്. 2025 ഏപ്രില്‍ 22നാണ് പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

ഈ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി തിരിച്ചടിക്കുകയും ചെയ്തു.

മെയ് ഏഴിനാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പിന്നീട് നാല് ദിവസത്തോളം ഇരുവിഭാഗവും ശക്തമായി ഏറ്റുമുട്ടി. പ്രധാനമായും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ നടത്തിയത്.

പാകിസ്ഥാന്റെ ചൈനീസ് നിര്‍മിത PL15, ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ബ്രഹ്‌മോസ്, ആകാശ് സംവിധാനങ്ങള്‍, റഷ്യന്‍ എസ്-400 എന്നിവയെല്ലാം ഈ ഏറ്റുമുട്ടലില്‍ ഉപയോഗിച്ചിരുന്നു. പക്ഷെ പ്രഹരശേഷി കുറവുള്ള പാക് മിസൈലുകളെ അതിവേഗത്തില്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സേനകള്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഓപ്പറേഷനില്‍ 100ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനുപുറമെ വര്‍ഷങ്ങള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയും പാകിസ്ഥാനെതിരെ ഇന്ത്യ നടപടിയെടുത്തിരുന്നു.

പാക് സര്‍ക്കാരിന്റെ അറിവോടെയാണ് പഹല്‍ഗാമില്‍ ആക്രമണം നടന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ നടപടികള്‍ കടുപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പാകിസ്ഥാന്‍ ചൈന മോഡലില്‍ ഒരു പുതിയ സൈനിക വിഭാഗത്തിന് രൂപം കൊടുത്തിരിക്കുന്നത്.

Content Highlight: China model; Pakistan create new army force

We use cookies to give you the best possible experience. Learn more