കറാച്ചി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് ലോകത്തെമ്പാടും ആരാധകരുണ്ട്. ചിരവൈരികളായ പാകിസ്ഥാനില്‍ വരെ കോഹ്‌ലിയ്ക്ക് നല്ല കട്ട ഫാന്‍സാണുള്ളത്. രണ്ട് പാക് സ്വേദേശികളുടെ കോഹ്‌ലിയെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
കഴിഞ്ഞ അധ്യാപക ദിനത്തിലെ വിരാടിന്റെ ട്വീറ്റ് ഇന്ത്യയിലുണ്ടാക്കിയതിനേക്കാള്‍ ഓളം പാകിസ്ഥാനിലാണ് സൃഷ്ടിച്ചതെന്ന് വേണം പറയാം. ക്രിക്കറ്റ് ഇതിഹാസങ്ങളെയൊല്ലാം ആദരിക്കുന്ന വിരാടിന്റെ ട്വീറ്റിന് ഗംഭീര വരവേല്‍പ്പാണ് പാകിസ്ഥാന്‍ നല്‍കിയത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പാക് സ്വദേശിയായ സയ്ദ അലിയ അഹമ്മദിന് മാത്രം വിരാടിനെ മനസിലായില്ല.
ട്വീറ്റ് വൈറലാകുന്നത് കണ്ട അലിയ ആരാണ് ഈ മാന്യനെന്ന് ചോദിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. സാധാരണ ഇത്തരം ട്വീറ്റുകള്‍ക്ക് പൊങ്കാലയിട്ട് മറുപടിയുമായെത്തുന്നത് ഇന്ത്യക്കാരാണ്. എന്നാല്‍ ഇവിടെ മറുപടിയുമായെത്തിയത് പാകിസ്ഥാന്‍കാരന്‍ തന്നെയാണ്. ട്രോളുന്നതിന് പകരം കോഹ്‌ലി ആരാണെന്ന് വളരെ വ്യക്തമായി പറഞ്ഞു കൊടുക്കകയായിരുന്നു.
” ഇത് വിരാട് കോഹ്‌ലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍. ഇന്നുള്ള ബാറ്റ്‌സ്മാന്മാരില്‍ ഏറ്റവും മഹാന്‍. അദ്ദേഹത്തിന്റെ പിന്നിലുള്ളത് പ്രശസ്തരായ ക്രിക്കറ്റര്‍ താരങ്ങളുടെ പേരുകളാണ്.” എന്നായിരുന്നു ഫരീദ് ഉള്‍ ഹസ്‌നൈന്‍ എന്നയാള്‍ നല്‍കിയ മറുപടി.
അധ്യാപക ദിനത്തില്‍ തന്റെ ഗുരുക്കന്‍മാരെ സ്മരിച്ച കോഹ്‌ലി ഒപ്പം പാക് താരങ്ങളായ ജാവേദ് മിയാന്‍ദാദ്, ഇമ്രാന്‍ ഖാന്‍, ഇന്‍സ്മാമുള്‍ ഹഖ് എന്നിവരുടെ പേരും പരാമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ കോലിയുടെ ട്വീറ്റിന് പാക്കിസ്ഥാനില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്.