| Thursday, 28th August 2025, 11:08 pm

പൗരത്വം റദ്ദാക്കിയ രേഖകള്‍ സമര്‍പ്പിക്കണം; കേരളത്തില്‍ ജനിച്ച പാക് പെണ്‍കുട്ടികള്‍ക്ക് പൗരത്വം നല്‍കാനാകില്ലെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ ജനിച്ച പാക് പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. നിലവില്‍ പെണ്‍കുട്ടികള്‍ക്ക് പാക് പൗരത്വമുണ്ടെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കിയാല്‍ മാത്രം പൗരത്വം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.

പൗരത്വം റദ്ദാക്കിയ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുളളുവെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

കണ്ണൂരില്‍ ജനിച്ച രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് സിംഗിള്‍ ബെഞ്ച് പൗരത്വം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കേന്ദ്രം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുമൈറ മാറൂഫ്, മറിയം മാറൂഫ് എന്നിവര്‍ക്കാണ് സിംഗിള്‍ ബെഞ്ച് പൗരത്വം അനുവദിച്ചിരുന്നത്.

പെണ്‍കുട്ടികളുടെ പിതാവായ മുഹമ്മദ് മാറൂഫ് കണ്ണൂരിലാണ് ജനിച്ചത്. ഒമ്പതം വയസില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മാറൂഫിനെ പാകിസ്ഥാനിലുള്ള തന്റെ അമ്മുമ്മ ദത്തെടുക്കുകയിരുന്നു. പിന്നീട് ഇദ്ദേഹം 1977ല്‍ പാകിസ്ഥാനിലേക്ക് പോകുകയും ചെയ്തു.

ഇതിനിടെ മാറൂഫിന് പാക് പാസ്‌പോര്‍ട്ട് ഉള്‍പ്പടെ അനുവദിച്ചു കിട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ മാറൂഫിന്റെ കുടുംബം ഇന്ത്യയില്‍ താമസമാക്കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുവദിയോട് കൂടിയാണ് മറൂഫും കുടുംബവും ഇന്ത്യയില്‍ താമസിച്ചു തുടങ്ങിയത്.

പക്ഷേ ഈ അനുമതി കുറഞ്ഞ കാലയളവിലേക്കാണ് അനുവദിച്ചിരുന്നത്. പിന്നീട് ഇത് നീട്ടികൊണ്ടുപോകുകയായിരുന്നു. അതേസമയം പാകിസ്ഥാന്‍ പൗരത്വ നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പൗരത്വം ഉപേക്ഷിക്കാന്‍ അനുവാദമില്ല.

എന്നാല്‍ ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ടുകളും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരത്വം അനുവദിച്ചാല്‍ ഇരട്ട പൗരത്വത്തിന് കാരണമാകുമെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

Content Highlight: Pakistani girls born in Kerala cannot be granted Indian citizenship, says High Court

We use cookies to give you the best possible experience. Learn more