ഇസ്‌ലാമാബാദ്: അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച കേരളത്തിന് പാകിസ്ഥാനില്‍ നിന്നും അഭിനന്ദനം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ നേട്ടത്തെ പാകിസ്താന്‍ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. തൈമൂര്‍ റഹ്‌മാന്‍ അഭിനന്ദിച്ചു.
കേരളത്തെ അതിദരിദ്രമുക്തമായി പ്രഖ്യാപിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് തൈമൂര്‍ റഹ്‌മാന്റെ എക്‌സ് പോസ്റ്റ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ നേടിയ മഹത്തായ നേട്ടമെന്ന കുറിപ്പോടെയാണ് പാകിസ്താന്‍ കമ്മ്യൂണിസ്റ്റ് നേതാവ് അഭിനന്ദന പോസ്റ്റ് പങ്കിട്ടത്.
ലാഹോര്‍ മാനേജ്‌മെന്റ് ആന്റ് സയന്‍സ് സര്‍വകലാശാലയിലെ പ്രൊഫസറും സംഗീതജ്ഞനുമായ തൈമൂര്‍, പ്രമുഖ സംഗീത ബാന്റായ ലാലിന്റെ ഗിത്താറിസ്റ്റുമാണ്.
രാജ്യത്തെ തന്നെ ആദ്യത്തെ അതിദരിദ്രമുക്ത സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് മുഖ്യമന്ത്രി അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്.
ലോകത്ത് തന്നെ ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ പ്രദേശം കൂടിയാണ് കേരളം.
അസാധ്യമായ ഒന്നുമില്ലെന്ന് തെളിഞ്ഞുവെന്നും ആരും കൊടും ദരിദ്ര്യത്തിലേക്ക് വീണുപോകില്ലെന്ന ഉറപ്പാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ലോകത്തിന് മുന്നില്‍ കേരളം തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇത് സംസ്ഥാനത്തിന്റെ പുത്തനുദയമാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചിരുന്നു.
വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്ന് പ്രബുദ്ധ കേരളത്തിലേക്കാണ് നാം യാത്ര ചെയ്തത്.
ഐതിഹാസികമായ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കാണ് നാം സാക്ഷിയായിട്ടുള്ളത്. അത് ഇനിയും തുടരും, മുഖ്യമന്ത്രി തിരുവനന്തപുരത്തെ ചടങ്ങില്‍ പറഞ്ഞതിങ്ങനെയായിരുന്നു.
Content Highlight: ‘Great achievement of Indian communists’: Pakistani communist leader congratulates Kerala for eradicating extreme poverty