ഐ.സി.സി അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍. ദുബായില്‍ നടന്ന മത്സരത്തില്‍ 191 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 2012ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ചൂടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് പാകിസ്ഥാന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
അലി റാസയുടെ മികച്ച ബൗളിങ് കരുത്തും സമീര്‍ മിന്‍ഹാസിന്റെ ബാറ്റിങ് കരുത്തുമാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാല് ഇന്ത്യന്‍ താരങ്ങളെയാണ് അലി റാസ കൂടാരത്തിലേക്ക് പറഞ്ഞയച്ചത്. 6.63 എന്ന എക്കോണമിയും താരത്തിന് ഉണ്ടായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ വൈഭവ് സൂര്യവംശിയേയും ക്യാപ്റ്റന്‍ ആയുഷ് മാഹ്ത്രയേയും പുറത്താക്കി പാകിസ്ഥാന് വേണ്ടി മികച്ച ബ്രേക്ക് ആണ് റാസ തുടക്കത്തില്‍ തന്നെ നല്‍കിയത്.
മത്സരത്തിലെ ആദ്യ പവര്‍ പ്ലേയ്ക്കുള്ളില്‍ തന്നെ ഇന്ത്യക്ക് മൂന്ന് താരങ്ങളെയാണ് നഷ്ടമായത്. വൈഭവ് 10 പന്തില്‍ നിന്ന് 26 റണ്‍സും, ക്യാപ്റ്റന്‍ ആയുഷ് രണ്ട് റണ്‍സും, ആരോണ്‍ ജോര്‍ജ് 16 റണ്‍സും നേടിയാണ് തുടക്കത്തില്‍ തന്നെ മടങ്ങിയത്.
മിഡില്‍ ഓര്‍ഡറില്‍ അഭിഗ്യാന്‍ കുണ്ടുവിനും (13) ഖിലാന്‍ പട്ടേലിനും (19) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. അവസാന ഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി പൊരുതിയത് ദീപേഷ് ദേവേന്ദ്രനാണ്. 16 പന്തില്‍ 36 റണ്‍സ് ആയിരുന്നു താരം നേടിയത്. ഇന്ത്യക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയ താരത്തെ വീഴ്ത്തിയതും അലി റാസി ആയിരുന്നു.
അതേസമയം സെഞ്ച്വറി നേടിയ പാക് താരം സമീര്‍ മിന്‍ഹാസിന്റെ കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 113 പന്തില്‍ ഒമ്പത് സിക്‌സും 17 ഫോറും അടക്കം 172 റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം. ഇന്ത്യയുടെ ദീപേഷ് ദേവേന്ദ്രനാണ് താരത്തെ പുറത്താക്കിയത്.
ടീമിന് വേണ്ടി 72 പന്തില്‍ 56 റണ്‍സ് നേടിയ അഹമ്മദ് ഹുസൈനും 45 പന്തില്‍ 35 റണ്‍സെടുത്ത ഉസ്മാനുമാണ് പാക് നിരയില്‍ തിളങ്ങിയ മറ്റ് താരങ്ങള്‍. മൂന്ന് വിക്കറ്റ് നേടിയ ദീപേഷാണ് ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയത്. ഹെനില്‍ പട്ടേലും ഖിലാന്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതവും ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തി.
Content Highlight: Pakistan Won Under 19 Asia Cup Final Against India