വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് കടന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 18.1 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇതോടെ ഒരു വമ്പന്‍ നാണക്കേടും പാകിസ്ഥാന്‍ വനിതകള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. വനിതാ ടി-20 ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. ഇതിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരെ ദുബായില്‍ വെച്ച് 56 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആയിരുന്നു. ഇപ്പോള്‍ പാകിസ്ഥാനെ ഏറ്റുവുംം കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഇന്ത്യയ്ക്കാണ് വന്നുചേര്‍ന്നിരിക്കുന്നത്.
(ടോട്ടല്‍ – എതിരാളി – വേദി – വര്‍ഷം എന്ന ക്രമത്തില്‍)
55 – ഇന്ത്യക്കെതിരെ – ദുബായ്, 2026
56 – ന്യൂസിലാന്‍ഡിനെതിരെ – ദുബായ്, 2024
56 – ഇംഗ്ലണ്ടിനെതിരെ – ടോണ്‍ടണ്‍, 2009
60 – ഇന്ത്യക്കെതിരെ – ഗ്വാങ്ഷൗ, 2012
63 – ബംഗ്ലാദേശിനെതിരെ – ഹാങ്ഷൗ, 2023
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 27 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും തുടര്‍ന്നുള്ള ബാറ്റിങ് തകര്‍ച്ചയില്‍ ഫാത്തിമ സനയുടെ സംഘം പടുകുഴിയിലേക്ക് വീഴുകയായിരുന്നു.
അഞ്ചാം ഓവറിന്റെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുബീന അലിയെ മടക്കി ഷെഫാലി വര്‍മയാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. 15 പന്തില്‍ 13 റണ്‍സുമായാണ് മുബീന മടങ്ങിയത്.
മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ശേഷം വെറും ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ കൂടി പാകിസ്ഥാന്‍ വലിച്ചെറിഞ്ഞു.
ആറാം ഓവറില്‍ ഗുല്‍ ഫിറോസയെയും (നാല് പന്തില്‍ പൂജ്യം), ഷവാല്‍ സുല്‍ഫിഖറിനെയും (14 പന്തില്‍ 14) പുറത്താക്കി ശ്രീ ചാരിണി വേട്ടയ്ക്ക് തുടക്കമിട്ടു. നാലാം നമ്പറിലെത്തിയ അയേഷ സഫറിനെയും (ഏഴ് പന്തില്‍ രണ്ട്) മടക്കി ചാരിണി തിളങ്ങി.
പ്രേമ റാവത് സദാഫ് ഷാംസിനെയും (എട്ട് പന്തില്‍ മൂന്ന്) ദീപ്തി ശര്‍മ ക്യാപ്റ്റന്‍ ഫാത്തിമ സനയെയും (ഏഴ് പന്തില്‍ പൂജ്യം) പുറത്താക്കിയതോടെ 27/0 എന്ന നിലയില്‍ നിന്നും 35/6 എന്ന നിലയിലേക്ക് പാകിസ്ഥാന്‍ വീണു.
എന്നാല്‍ തുടര്‍ന്നും ആ ഡോമിനേഷന്‍ കാത്തുസൂക്ഷിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാനെ വെറും 55 റണ്‍സിന് എറിഞ്ഞൊതുക്കി. രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
ഇന്ത്യയ്ക്കായി പ്രേമ റാവത്തും ശ്രീ ചാരിണിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മയും തിളങ്ങി. അയ്മന്‍ ഫാത്തിമ റണ്‍ ഔട്ടായപ്പോള്‍ ഷെഫാലി വര്‍മ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും തുടക്കം പാളി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ആറ് പന്തില്‍ 12 റണ്‍സടിച്ച ഷെഫാലി വര്‍മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
എന്നാല്‍ ദീപ്തി ശര്‍മയെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ഹര്‍മന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഹര്‍മന്‍ 18 പന്തില്‍ 18 റണ്‍സും ദീപ്തി 14 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.
Content Highlight: Pakistan Women’s Cricket Team In Unwanted Record In T-20