| Sunday, 9th November 2025, 3:44 pm

എഷ്യാ കപ്പിലും വനിതാ ലോകകപ്പിലും അടപടലം തോല്‍വി; കുട്ടി ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തി പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഹോങ് കോങ് സിക്‌സസിന്റെ 2025 എഡിഷനില്‍ കിരീടമുയര്‍ത്തി പാകിസ്ഥാന്‍. കലാശപ്പോരാട്ടത്തില്‍ കുവൈറ്റിനെതിരെ 43 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കുവൈറ്റ് അഞ്ച് പന്ത് ശേഷിക്കെ 92ന് പുറത്തായി.

ക്യാപ്റ്റന്‍ അബ്ബാസ് അഫ്രിദിയുടെ കരുത്തിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 11 പന്തില്‍ ഏഴ് സിക്‌സറും രണ്ട് ഫോറും അടക്കം 52 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അബ്ദുള്‍ സമദ് 13 പന്തില്‍ 42 റണ്‍സടിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഖവാജ നഫായ് ആറ് പന്തില്‍ 22 റണ്‍സും സ്വന്തമാക്കി.

ഒടുവില്‍ ആറ് ഓവറില്‍ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 135ലെത്തി. രണ്ടാം വിക്കറ്റില്‍ അബ്ദുള്‍ സമദും അബ്ബാസ് അഫ്രിദിയും ചേര്‍ന്ന് 15 പന്തില്‍ പടുത്തുയര്‍ത്തിയ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാകിസ്ഥാന്‍ ടോട്ടലില്‍ നിര്‍ണായകമായത്.

കുവൈറ്റിനായി മീഠ് ഭവ്‌സാറാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈറ്റിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. 5.1 ഓവറില്‍ 92ന് ടീം ഓള്‍ ഔട്ടാവുകയായിരുന്നു.

12 പന്തില്‍ 33 റണ്‍സ് നേടിയ മീഠ് ഭവ്‌സാറാണ് കുവൈറ്റിന്റെ ടോപ് സ്‌കോറര്‍. അദ്‌നാന്‍ ഇദ്രീസ് എട്ട് പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. ആറ് പന്തില്‍ 14 റണ്‍സ് നേടിയ ക്യാപ്റ്റന്‍ യാസിന്‍ പട്ടേലാണ് ടീമിനായി ഇരട്ടയക്കം കണ്ട മറ്റൊരു താരം.

പാകിസ്ഥാനായി മാസ് സദാഖത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അബ്ദുള്‍ സമദ്, അബ്ബാസ് അഫ്രിദി, മുഹമ്മദ് ഷഹസാദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് ആറാം തവണയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കുന്നത്. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ കിരീടത്തില്‍ മുത്തമിട്ട ടീം എന്ന നേട്ടവും പാകിസ്ഥാന്‍ സ്വന്തമാക്കി.

ഉദ്ഘാടന സീസണായ 1992, 1997, 2001, 2002, 2011, 2025 സീസണുകളിലാണ് പാകിസ്ഥാന്‍ കിരീടമണിഞ്ഞത്. അഞ്ച് വീതം കിരീടം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയെയും ഇംഗ്ലണ്ടിനെയും മറികടന്നുകൊണ്ടാണ് പാകിസ്ഥാന്റെ നേട്ടം.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടതിന്റെ നിരാശയും ഈ സീസണില്‍ പാകിസ്ഥാന്‍ അവസാനിപ്പിച്ചു. 2024ലടക്കം ആറ് തവണയാണ് പാകിസ്ഥാന്‍ ഫൈനലില്‍ പരാജയപ്പെടുന്നത്. ഏറ്റവുമധികം ഫൈനല്‍ (12) കളിച്ച ടീമെന്ന നേട്ടവും പാകിസ്ഥാന്റെ പേരില്‍ തന്നെയാണ്.

ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഹോങ് കോങ് സിക്‌സസിലെ ലീസ്റ്റ് സക്‌സസ്ഫുള്‍ ടീം. ഇരുവരും ഓരോ തവണയാണ് കിരീടം നേടിയത്. ഇന്ത്യ 2005ലും പാകിസ്ഥാന്‍ 2010ലുമാണ് ഇതുവരെ കിരീടം നേടിയത്.

Content Highlight: Pakistan wins Hong Kong Sixes 2025

We use cookies to give you the best possible experience. Learn more