| Thursday, 30th October 2025, 9:12 am

അഫ്ഗാനില്‍ നിന്ന് താലിബാനെ തുടച്ചുനീക്കും, സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബുള്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ അഫ്ഗാനില്‍ നിന്ന് താലിബാനെ തുടച്ചുനീക്കുമെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ചര്‍ച്ചകള്‍ ഫലം കാണാതായതോടെ താലിബാന് ഖ്വാജ ആസിഫ് മുന്നറിയിപ്പ് നല്കുകയും ചെയ്തു. തോറ ബോറ ഗുഹകളിലേക്ക് താലിബാനെ വീണ്ടും തള്ളിവിടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

തങ്ങളുടെ ആയുധ ശേഖരത്തില്‍ സ്വയം അഭിമാനമുണ്ടെന്നും അഫ്ഗാനില്‍ നിന്ന് താലിബാനെ തുടച്ചൂനീക്കാന്‍ അത് മുഴുവന്‍ ഉപയോഗിക്കേണ്ടി വരില്ലെന്നും ഖ്വാജ വ്യക്തമാക്കി. തുര്‍ക്കിയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് അഫ്ഗാനെതിരെ കടുത്ത നിലപാടെടുക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചത്.

‘താലിബാന്‍ ഭരണകൂടത്തെ പൂര്‍ണമായും ഇല്ലാതാക്കാനും അവരെ തോറ ബോറ ഗുഹകളിലേക്ക് വീണ്ടും ഒളിച്ചിരിക്കാനും പാകിസ്ഥാന്റെ കൈയിലുള്ള ആയുധ ശേഖരത്തിന്റെ ഒരു ഭാഗം പോലും ഉപയോഗിക്കേണ്ടി വരില്ല. അക്കാര്യത്തില്‍ ഞാന്‍ ഉറപ്പ് നല്കുന്നു.പാകിസ്ഥാനില്‍ ഒരു തരത്തിലുള്ള ഭീകരാക്രമണമോ ബോംബാക്രമണമോ ഉണ്ടാകാന്‍ പാടില്ലെന്നും ഞാന്‍ മുന്നറിയിപ്പ് നല്കുന്നു’ ഖ്വാജ ആസിഫ് പറയുന്നു.

സഹോദരരാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് സമാധാനത്തിന് അവസരം നല്‍കുന്നതിനാണ് പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതെന്ന് പ്രഖ്യാപിച്ച ആസിഫ്, കാബൂളിലെ ഭരണാധികാരികള്‍ വഞ്ചന കാണിച്ചുവെന്ന് ആരോപിച്ചു. ചില അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ അപകടകരമായ പ്രസ്താവനകള്‍ താലിബാന്‍ ഭരണകൂടത്തിന്റെ വഞ്ചനാപരമായ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇരുവിഭാഗത്തിനും സ്വീകാര്യമല്ലാത്ത ആവശ്യങ്ങളാണ് പാകിസ്ഥാന്‍ ഉന്നയിച്ചതെന്നും അതിനാലാണ് അംഗീകരിക്കാനാകാത്തതെന്നും അഫ്ഗാന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതിനാലാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതെന്നും അഫ്ഗാന്‍ അറിയിച്ചു.

പാകിസ്ഥാനും മറ്റ് രാജ്യങ്ങളും തങ്ങളുടെ എതിരാളികള്‍ക്കെതിരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി തീവ്രവാദത്തിന്റെ ലേബല്‍ ഉപയോഗിക്കുന്നെന്ന് ഖ്വാജ ആസിഫിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് അഫ്ഗാന്‍ പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു.

ഒക്ടോബര്‍ ഒമ്പതിന് കാബൂളില്‍ നടന്ന സ്‌ഫോടനങ്ങളെത്തുടര്‍ന്ന് താലിബാന്‍ അതിര്‍ത്തിയില്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ പ്രത്യാക്രമണവും നടത്തി. ഒക്ടോബര്‍ 19ന് ദോഹയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഇരുകൂട്ടരും ഒപ്പുവെച്ചെങ്കിലും 48 മണിക്കൂറിന് ശേഷം ലംഘിക്കപ്പെട്ടു. പിന്നാലെ ഖത്തറും തുര്‍ക്കിയും മധ്യസ്ഥത വഹിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് കഴിഞ്ഞദിവസം തുര്‍ക്കിയില്‍ നടന്നത്.

Content Highlight: Pakistan warns Afghanistan and Taliban after peace talk fails

We use cookies to give you the best possible experience. Learn more