| Tuesday, 22nd September 2026, 10:51 am

വെങ്കല പോര്; ബംഗ്ലാദേശിനെ വീഴ്ത്തി പാകിസ്താൻ പട

അഞ്ജലി പി.കെ.

ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റിൽ പാകിസ്ഥാന് വെങ്കലത്തിളക്കം. ബംഗ്ലാദേശിനെ 31 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാനായി ക്യാപ്റ്റൻ ഫാത്തിമ സനയാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. 30 പന്തിൽ 45 റൺസ് നേടിയ ഫാത്തിമ മൂന്ന് ഫോറും മൂന്ന് സിക്സും കൈപിടിയിലാക്കി.

വിക്കറ്റ് കീപ്പർ ഗുൽ ഫിറോസ 23 പന്തിൽ 31 റൺസ് നേടി. അലിയ റിയാസ് 22 പന്തിൽ 25 റൺസും ഷാവാൽ സുൽഫിഖർ 27 പന്തിൽ 17 റൺസും നേടി. അവസാന ഓവറുകളിൽ ഫാത്തിമ സനയും അലിയ റിയാസും ചേർന്നുള്ള കൂട്ടുകെട്ടാണ് പാകിസ്ഥാനെ 145 എന്ന സ്കോറിലെത്തിച്ചത്.

ബംഗ്ലാദേശിന്റെ 3 വിക്കറ്റ് നേടിയ ഉമ്മെ ഹാനി മത്സരത്തിൽ മികച്ച പ്രകടനവും കാഴ്ചവച്ചു.

146 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതൽ സ്കോറുയർത്താൻ സാധിച്ചില്ല. ഓപ്പണിങ് ഇറങ്ങിയ ദിലാര അക്തറിനും ജുവൈരിയ ഫെർദോസിനും ടീമിനായി വലിയ സംഭാവനകൾ നൽകാൻ സാധിച്ചില്ല.

പിന്നീട് എത്തിയ ഷാമീർ അക്തറും ക്യാപ്റ്റൻ നിഗർ സുൽത്താനും ചേർന്ന് കരുത്തേറിയ പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും പാകിസ്ഥാന്റെ ബൗളർമാർ കൃത്യമായ സമ്മർദം സൃഷ്ടിച്ചതോടെ ബംഗ്ലാദേശ് പടയ്ക്ക് തോൽവിക്കുമുന്നിൽ കീഴടങ്ങേണ്ടി വന്നു. 45 പന്തിൽ 46 റൺസ് നേടിയ ഷാമീർ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 114 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ പാകിസ്ഥാൻ 31 റൺസിന്റെ വിജയത്തോടെ വെങ്കല മെഡൽ കൈക്കലാക്കി.

സെമി ഫൈനലിൽ ശ്രീലങ്കയോട് എട്ട് വിക്കറ്റിന് തോറ്റതിനെ തുടർന്നാണ് പാകിസ്ഥാൻ വെങ്കല മെഡൽ മത്സരത്തിലേക്ക് എത്തിയത്. മത്സരത്തിൽ പാകിസ്ഥാൻ 177/4 എന്ന മികച്ച സ്കോർ നേടിയിരുന്നെങ്കിലും ശ്രീലങ്ക 17.5 ഓവറിൽ 178/2 നേടി ഫൈനലിലെത്തുകയായിരുന്നു. ക്യാപ്റ്റൻ ചമാരി അത്തപത്തു പുറത്താകാതെ 83 റൺസ് നേടി ശ്രീലങ്കയുടെ വിജയത്തിന് നേതൃത്വം നൽകി.

Content Highlight: Pakistan W defeated Bangladesh W in Asian Games bronze medal match

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more