| Tuesday, 20th January 2026, 2:26 pm

232 വര്‍ഷത്തെ ചരിത്രം തിരുത്തി പാകിസ്ഥാന്‍ ടി.വി; ഡിഫന്‍ഡ് ചെയ്ത് വിജയിച്ചത് വെറും 40 റണ്‍സ്

ആദര്‍ശ് എം.കെ.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവും ചെറിയ വിജയലക്ഷ്യം ഡിഫന്‍ഡ് ചെയ്തതിന്റെ റെക്കോഡുമായി പാകിസ്ഥാന്‍ ടി.വി. പ്രസിഡന്റ്‌സ് ട്രോഫി ഗ്രേഡ് വണ്‍ ടൂര്‍ണമെന്റില്‍ എസ്.യു.ഐ നോര്‍തേണിനെതിരെ 40 റണ്‍സ് ഡിഫന്‍ഡ് ചെയ്താണ് പാകിസ്ഥാന്‍ ടി.വി ചരിത്രമെഴുതിയത്.

രണ്ടാം ഇന്നിങ്‌സില്‍ 40 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ നോര്‍തേണിനെ 37 റണ്‍സിന് എറിഞ്ഞിട്ടാണ് പി.ടി.വി വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍

പാകിസ്ഥാന്‍ ടി.വി – 166 & 111

എസ്.യു.ഐ. നോര്‍തേണ്‍ – 238 & 37

ആദ്യ ഇന്നിങ്‌സില്‍ ഷെഹസാദ് ഗുലിന്റെ കരുത്തിലാണ് നോര്‍തേണ്‍ പി.ടി.വിയെ എറിഞ്ഞിട്ടത്. നാല് വിക്കറ്റുമായാണ് താരം തിളങ്ങിയത്. ഷഹനവാസ് ദഹാനിയും സാജിദ് ഖാനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍തേണ്‍ സൈഫുള്ള ബന്‍ഗാഷിന്റെ (104 പന്തില്‍ 71) അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയത്. 42 റണ്‍സ് നേടിയ ഒമൈര്‍ യൂസഫും നോര്‍തേണ്‍ നിരയില്‍ തിളങ്ങി.

ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ പി.ടി.വിക്ക് രണ്ടാം ഇന്നിങ്‌സിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ടീം 111 റണ്‍സിന് പുറത്തായി. 27 റണ്‍സ് നേടിയ മുഹമ്മദ് താഹയാണ് ടോപ്പ് സ്‌കോറര്‍.

40 റണ്‍സിന്റെ കുഞ്ഞന്‍ ടോട്ടല്‍ നോര്‍തേണ്‍ അനായാസം മറികടക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 20 ഓവറിനിടെ വെറും 37 റണ്‍സിന് ടീം ഓള്‍ ഔട്ടായി.

അലി ഉസ്മാന്‍ ഒമ്പത് റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ 28 റണ്‍സിന് നാല് വിക്കറ്റുമായി അമാദ് ബട്ടും തിളങ്ങി.

എക്‌സ്ട്രാസ് ഇനത്തില്‍ ഒറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതിരുന്നതും പി.ടി.വിയുടെ വിജയത്തില്‍ നിര്‍ണായകമായി. ഒടുവില്‍ 37 റണ്‍സിന് ടീം ഓള്‍ ഔട്ടായപ്പോള്‍ പി.ടി.വി രണ്ട് റണ്‍സിന്റെ വിജയവും ഒപ്പം ഫോര്‍മാറ്റിന്റെ ചരിത്രവും തന്നെ തിരുത്തിക്കുറിച്ചു.

1794ലെ ഓള്‍ഡ്ഫീല്‍ഡിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനെതിരെ 41 റണ്‍സിന് ഡിഫന്‍ഡ് ചെയ്തതായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡ്.

സ്‌കോര്‍

ഓള്‍ഡ്ഫീല്‍ഡ്: 92 & 78

മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്: 130 & 34

Content highlight: Pakistan TV has broken a 232-year-old record for the lowest score in first-class cricket.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more