ഇസ്‌ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തിരിച്ചടിച്ചതിന് പിന്നാലെ കൂടുതല്‍ തിരിച്ചടി ഭയന്ന് പള്ളികളും മദ്രസകളും ഒഴിപ്പിച്ച് പാകിസ്ഥാന്‍. പാക് പഞ്ചാബിലെ ബഹവല്‍പുരില്‍ ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇന്ത്യയുടെ ആക്രമണം ഭീരുത്വപൂര്‍ണമായ യുദ്ധ പ്രവൃത്തിയെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചു. പാകിസ്ഥാന്‍ ശക്തമായ സൈനിക പ്രതികരണം നടപ്പാക്കുമെന്ന പ്രഖ്യാപനവും ഷഹബാസ് ഷെരീഫ് പുറപ്പെടുവിക്കുകയുണ്ടായി.
ഇന്ത്യയുടെ യുദ്ധ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന് എല്ലാ അവകാശവുമുണ്ടെന്നും ശക്തമായ മറുപടി നല്‍കുമെന്നും ഷഹബാസ് ഷെരീഫ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇസ്‌ലാമാബാദില്‍ ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുടെ താത്ക്കാലിക സന്തോഷത്തിന് ഉടന്‍ തിരിച്ചടിയുണ്ടാവുമെന്നും പാകിസ്ഥാന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ നടപടി യുദ്ധം തന്നെയാണെന്ന് ബിലാവല്‍ഭൂട്ടോയും പ്രതികരിക്കുകയുണ്ടായി.
അതേസമയം ഇന്ത്യയുടെ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് നാശനഷ്ടമുണ്ടായതായും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ആക്രമണം ഭീകരരെയും അവരുടെ കേന്ദ്രങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു.
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തിലായിരുന്നു ഇന്ത്യ പുലര്‍ച്ചെ 1:44ന് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. മൂന്ന് സായുധ സേനകളുടെ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Pakistan trembles over Operation Sindoor; Mosques and madrasas are reportedly being evacuated