| Sunday, 18th May 2025, 8:49 am

ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും; ലോകനേതാക്കളെ കാണുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനും ലോക രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും പാകിസ്ഥാന്റെ ഭീകരാക്രമണങ്ങളെയും കുറിച്ച് വിശദീകരിക്കാന്‍ ലോക രാജ്യനേതാക്കളെ കാണുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം.

പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമായിരിക്കും വിദേശ പര്യടനത്തിന് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്ക് സമാനമായി പ്രചാരണം നടത്താന്‍ പാകിസ്ഥാന്‍ പദ്ധതിയിട്ടതായി ബിലാവല്‍ ബൂട്ടോ പറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിനിധി സംഘത്തെ നയിക്കാന്‍ ഷെഹബാസ് ഷെരീഫ് തന്നെ സമീപിച്ചിരുന്നുവെന്ന് ഭൂട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം വിഷയത്തെ കുറിച്ച് പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യു.എസിലെ മുന്‍ അംബാസഡര്‍ താരിഖ് ഫത്തേമിയെ റഷ്യയിലേക്ക് അയക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവരുള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മുന്‍ നയതന്ത്രജ്ഞര്‍ എന്നിവരടങ്ങുന്ന ഏഴ് ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ വടക്കേ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മെയ് 22ന് ആരംഭിക്കുന്ന സന്ദര്‍ശനത്തില്‍ ഏഴ് പ്രതിനിധി സംഘങ്ങളില്‍ 59 അംഗങ്ങളാണുള്ളത്. അതില്‍ എന്‍.ഡി.എയില്‍ നിന്നുള്ള 31 രാഷ്ട്രീയ നേതാക്കളും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 20 രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്.

Content Highlight: Pakistan to meet world leaders after India; report

We use cookies to give you the best possible experience. Learn more