| Thursday, 24th April 2025, 10:47 am

പ്രതികാര നടപടി? മിസൈല്‍ പരീക്ഷണം നടത്തുമെന്ന് വിജ്ഞാപനമിറക്കി പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്ദ്: മിസൈല്‍ പരീക്ഷണം നടത്തുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍. ഏപ്രില്‍ 24, 25 തീയതികളില്‍ കറാച്ചി തീരത്ത് നിന്ന് കരയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ മിസൈല്‍ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം കടുപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു. രാജ്യത്തെ മുഴുവന്‍ സേനകളോടും സജ്ജരായിരിക്കാന്‍ കേന്ദ്ര പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ പാകിസ്ഥാന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവെച്ചരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തുമെന്ന വിജ്ഞാപനം ഇറക്കിയത്.

ഇന്നലെ (ബുധന്‍) പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാൻ ആവശ്യപ്പട്ടിരുന്നു. പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.

പാക് നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യത്ത് നിന്ന് മടങ്ങാന്‍ രണ്ടാഴ്ച്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. പാക് പൗരന്മാര്‍ക്ക് അനുവദിച്ച വിസകളും റദ്ദാക്കുമെന്ന് അറിയിച്ച ഇന്ത്യ, വാഗ-അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീതട കരാറും ഇന്ത്യ റദ്ദാക്കിയിരുന്നു. ഇത് പാകിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കും.

ദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉപദേഷ്ടാക്കളെ പേര്‍സോണ നോണ്‍ ഗ്രാറ്റ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യ വിടാന്‍ ഒരു ആഴ്ച സമയമുണ്ട്. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും ഇന്ത്യ പ്രതിനിധികളെ പിന്‍വലിക്കും. മെയ് ഒന്നോടെ ഹൈക്കമ്മീഷനുകളിലെ ആകെ അംഗസംഖ്യ 55 ല്‍ നിന്ന് 30 ആയി കുറയ്ക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ഇതിനുപിന്നാലെ ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ മന്ത്രാലയവും അറിയിച്ചിരുന്നു.

Content Highlight: Pakistan to conduct missile test off Karachi coast; India keeping close eye

We use cookies to give you the best possible experience. Learn more