| Thursday, 16th October 2025, 8:42 pm

പാകിസ്ഥാന്‍ ഭീകരതയെ പിന്തുണക്കുന്നു, സ്വന്തം പരാജയത്തില്‍ അയല്‍രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നു: ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ പ്രതിബന്ധത മന്ത്രാലയ വക്താവ് ഊന്നിപ്പറയുകയും ചെയ്തു.

തീവ്രവാദങ്ങള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയം വഹിക്കുന്നുവെന്നും തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

‘മൂന്ന് കാര്യങ്ങള്‍ വ്യക്തമാണ്, ഒന്ന്, തീവ്രവാദങ്ങള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയം വഹിക്കുകയും തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. രണ്ട്, സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ പരമ്പരാഗത രീതിയാണ്. മൂന്ന്, സ്വന്തം പ്രദേശങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ പരമാധികാരം പ്രയോഗിക്കുന്നതില്‍ പാകിസ്ഥാന്‍ രോഷാകുലരാണ്. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവയില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്’ രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ – പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ 12 പാക് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് സൈനിക പോസ്റ്റുകളില്‍ താലിബാന്‍ ആക്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.

സംഘര്‍ഷത്തിന് താത്കാലിക ആശ്വാസമെന്നോണം ഇന്നലെ (ബുധനാഴ്ച) ഇരുരാജ്യങ്ങളും 48 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യം കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള പ്രതികാര നടപടിയെന്നോണമാണ് താലിബാന്‍ ആക്രമണം ആരംഭിച്ചത്.

തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) പാകിസ്ഥാന്‍ പ്രദേശത്ത് നടത്തിയ തുടര്‍ച്ചയായ അക്രമങ്ങളെത്തുടര്‍ന്ന് സമീപ ആഴ്ചകളില്‍ കാബൂളിലും മറ്റ് താലിബാന്‍ നിയന്ത്രിത പ്രദേശങ്ങളിലും പാകിസ്ഥാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു.

കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ടൈലിലെ നിരവധി പാക് ആര്‍മി ഒട്ട്‌പോസ്റ്റുകള്‍ താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സൈന്യം പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകളിലെ ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള പാക് സൈന്യത്തിന്റെ നിരവധി ഔട്ട്‌പോസ്റ്റുകള്‍ താലിബാന്‍ സൈന്യം പിടിച്ചെടുത്തുവെന്നും അഫ്ഗാന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചടി ലഭിച്ചതായി പാകിസ്ഥാനും സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഈ ആക്രമത്തില്‍ തങ്ങള്‍ പ്രത്യാക്രമണം നടത്തിയതായി പാകിസ്ഥാനും അറിയിച്ചിരുന്നു. അതിര്‍ത്തിയിലെ പലയിടങ്ങളിലും വലിയ തോതിലുള്ള ഏറ്റുമുട്ടലുകളുണ്ടായെന്നാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങളും തെക്കുകിഴക്കന്‍ അഫ്ഗാനില്‍ ഒരു സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Pakistan supports terrorism, blames its neighbors for its own failures: India

We use cookies to give you the best possible experience. Learn more