| Wednesday, 6th March 2019, 7:57 am

വ്യോമാക്രമണം നടന്നത് പാകിസ്ഥാനിലാണ്, പക്ഷെ കൊണ്ടത് ഇവിടെ ചിലര്‍ക്കാണ്; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ പാകിസ്ഥാനെ സംരക്ഷിക്കാനായിരുന്നെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ വിമര്‍ശിച്ച് പാകിസ്ഥാന്റെ കയ്യടി മേടിക്കാനും ഇവര്‍ക്ക് കഴിഞ്ഞതായി മോദി പറഞ്ഞു. മധ്യപ്രദേശിലെ ദറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

വ്യോമാക്രണം നടന്നത് പാകിസ്ഥാനിലാണെങ്കിലും, കൊണ്ടത് ഇന്ത്യയിലെ ചിലര്‍ക്കാണെന്നും മോദി പറഞ്ഞു. ബാലാക്കോട്ട് ആക്രമണം വിജയകരമാണെന്നതിന് തെളിവ് ആവശ്യപ്പെട്ട് ദിഗ് വിജയ് സിങ്ങ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കഴിവിനെ സംശയിക്കലാണെന്നായിരുന്നു മോദിയുടെ പക്ഷം.

“ദശാബ്ദങ്ങളോളം രാജ്യം ഭരിച്ച പാര്‍ട്ടി ഇന്ന് നമ്മുടെ ധീരരായ സേനയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണ്, പ്രത്യേകിച്ച് മധ്യപ്രദേശില്‍ നിന്നുള്ള ഒരു എം.പി(ദിഗ്‌വിജയ് സിങ്ങ്) പുല്‍വാമ ആക്രമണം ഒരു ആക്‌സിഡന്റ് ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇതാണവരുടെ മനോഭാവം. മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് പാകിസ്ഥാന്‍ കുറ്റക്കാരല്ലെന്ന് പറഞ്ഞതും ഇദ്ദേഹമാണ്”- നരേന്ദ്ര മോദി പറഞ്ഞു.

“ഞാന്‍ വ്യോമാക്രമണത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നതല്ല. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാവുന്ന ആധുനിക യുഗമാണിത്. ഒസാമ ബിന്‍ ലാദനെ കൊന്നതിന് അമേരിക്ക കൃത്യമായ തെളിവുകള്‍ നിരത്തിയതു പോലെ വ്യോമാക്രണത്തിന്റെ തെളിവുകള്‍ ലഭ്യമാക്കാന്‍ നമുക്കും കഴിയണം” എന്നായിരുന്നു ദിഗ്‌വിജയ് സിങ്ങ് പറഞ്ഞത്

പാകിസ്ഥാനെ ലോകം മുഴുവന്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലെ ചിലര്‍ ചോദ്യങ്ങള്‍ ചോദിച്ച് പാകിസ്ഥാനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. “പാകിസ്ഥാന് അവരുടെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തിലും അവര്‍ ഒറ്റപ്പെട്ടും. എന്നാല്‍ ഇന്ത്യയിലെ ചില ആളുകള്‍ ആക്രമണത്തിന്റെ തെളിവും, കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കും ആവശ്യപ്പെട്ട് പാകിസ്ഥാനെ രക്ഷിക്കുന്നതിന്റെ തിരക്കിലായിരുന്നു”- മോദി പറഞ്ഞു.

നേരത്തെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് കേന്ദ്ര സര്‍ക്കാര്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ടതിന് ദിഗ്‌വിജയ് സിങ്ങിന് മാനസിക സ്ഥിരതയില്ലെന്ന് ബി.ജെ.പി നേതാവ് വിജയ്‌വര്‍ഗീയ പറഞ്ഞിരുന്നു.

Image Credits: IANS

We use cookies to give you the best possible experience. Learn more