| Tuesday, 24th February 2026, 8:58 pm

തിളങ്ങിയത് ഫര്‍ഹാന്‍ മാത്രം! ഡോസണിന്റെയും ആര്‍ച്ചറിന്റെയും സ്ട്രൈക്കില്‍ വിയര്‍ത്ത് പാകിസ്ഥാന്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ 8 മത്സരം പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തിട്ടുണ്ട്. ഷാഹിബ്സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തുടക്കം തന്നെ തിരിച്ചടി നേരിട്ടിരുന്നു. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. സയീം അയൂബും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുമാണ് തിരികെ നടന്നത്.

പിന്നാലെ ബാബര്‍ അസമും 24 പന്തില്‍ 25 റണ്‍സുമായി തിരികെ നടന്നു. അതോടെ ഫഖര്‍ സമാന്‍ ക്രീസിലെത്തി. പിന്നീട് സാഹിബ്സാദ ഫര്‍ഹാനും സമാനും ചേര്‍ന്ന് ടീമിന്റെ പോരാട്ടം ഏറ്റെടുത്തു. എന്നാല്‍ സ്‌കോര്‍ 122 റണ്‍സില്‍ നില്‍ക്കേ ഫര്‍ഹാന്‍ പുറത്തായി. 45 പന്തില്‍ 63 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.

അടുത്ത ഓവറില്‍ സമാനും 16 പന്തില്‍ 25 റണ്‍സുമായി തിരികെ നടന്നു. പിന്നീട് ഇംഗ്ലണ്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. സമാന് പിന്നാലെ ക്രീസിലെത്തിയ ഉസ്മാന്‍ ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ വളരെ പെട്ടെന്ന് തന്നെ കൂടാരം കയറി.

പക്ഷേ, അപ്പോഴെല്ലാം ശദാബ് ഖാന്‍ പിടിച്ചുനിന്നു. താരം പുറത്തെടുത്ത ചേര്‍ത്തുനില്‍പ്പാണ് പാക് സ്‌കോര്‍ 150 കടത്തിയത്. എന്നാല്‍, ഇന്നിങ്‌സിലെ അവസാന പന്തില്‍ ശദാബ് 11 പന്തില്‍ 23 റണ്‍സുമായി റണ്‍ഔട്ടായി തിരികെ നടന്നതോടെ പാകിസ്ഥാന് തങ്ങളുടെ പോരാട്ടം 164ല്‍ അവസാനിപ്പിക്കേണ്ടി വന്നു.

ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഒവേര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആദില്‍ റഷീദും ഒരു വിക്കറ്റ് നേടി.

Content Highlight: Pakistan set a target of 164 against England in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more