| Tuesday, 11th August 2026, 11:10 pm

യു.എസും ഇറാനും കരാറിനോട് അടുത്തെന്ന് പാകിസ്ഥാന്‍; ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

റെന്വര്‍ പി

ടെഹ്‌റാന്‍: യു.എസ്-ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇരു പക്ഷവും എന്തെങ്കിലും കരാറില്‍ ഉടന്‍ എത്തിച്ചേരുമെന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ചകളിലെ മധ്യസ്ഥരിലൊരാളായ പാകിസ്ഥാന്‍. യു.എസും ഇറാനും കരാറിനോട് അടുക്കുകയാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്ര് ഖവാജ ആസിഫ് ബ്ലൂംബര്‍ഗിനോട് സംസാരിക്കവെ വ്യക്തമാക്കി. കരാറിനോട് ഇരു പക്ഷവും അടുത്തതായാണ് കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തെ സൂചനകളെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനായി തെഹ്‌റാനിലെത്തിയിട്ടുണ്ട്. യു.എസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസിലെ ഗതാഗതം പുനസ്ഥാപിക്കാനും വേണ്ടിയുള്ള ചര്‍ച്ചകളാണ് ടെഹ്‌റാനില്‍ നടക്കുക. നഖ് വിയുമായി കൂടിക്കാഴ്ച നടത്തിയതായി ഇറാന്‍ പ്രതിരോധ മന്ത്ര് അബ്ബാസ് അരാക്ചി തന്റെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അരാഗ്ചി പങ്കുവച്ചിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മുന്നേറുന്നതായാണ് വിവരം. ഈ വിഷയത്തില്‍ ഒമാനും ഇറാനും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ മുന്നേറ്റമുണ്ടായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥരാണ് ഖത്തറും പാക്കിസ്ഥാനും.

അതേസമയം, ഇറാന്‍-യു.എസ് യുദ്ധം അവസാനിപ്പിക്കുന്നതിലും ഹോര്‍മുസിലെ ഗതാഗതം പുനസ്ഥാപിക്കുന്നതിലും പെട്ടെന്ന് പരിഹാരത്തിലെത്താന്‍ സാധിക്കില്ലെന്ന തരത്തിലുള്ള സൂചനകളും ഇന്ന് (ഓഗസ്റ്റ് 11, ചൊവ്വ) പുറത്തുവന്നിട്ടുണ്ട്.

ഇറാനില്‍ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം വേണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഈ കാര്യം ആവശ്യപ്പെട്ടത്.

‘ഇറാന്റെ റോഡ്‌സൈഡ് ബോംബുകള്‍ കാരണം കൊല്ലകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത എല്ലാ ആളുകള്‍ക്കും ഇറാനില്‍ നിന്ന് നഷ്ടപരിഹാരം ഞാന്‍ ആവശ്യപ്പെടുന്നു,’ എന്ന് ട്രൂത്ത് പോസ്റ്റില്‍ ട്രംപ് കുറിച്ചു. ‘കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇറാന്‍ സര്‍ക്കാര്‍ കൊലപ്പെടുത്തിയ ലക്ഷക്കണക്കിന് നിരപരാധികളായ പ്രതിഷേധക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം,’ എന്നും ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.

അതേസമയം, യു.എസ് അവരുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയും ഇറാന്റെ നിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഹോര്‍മുസ് തുറക്കില്ലെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി ഇന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇറാനിലെ ചൈനീസ് അംബാസഡറോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയതെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക്, ഒമാന്‍ കടല്‍ എന്നിവിടങ്ങളില്‍ അരക്ഷിതാവസ്ഥക്ക് കാരണം യു.എസാണെന്ന് റെസായി അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യന്‍ മേഖലയെ മുഴുവനായി അപകടത്തിലാക്കിയ നിയമവിരുദ്ധമായ യുദ്ധം യു.എസ് അടിച്ചേല്‍പിച്ചതാണ്. യുദ്ധം അവസാനിപ്പിക്കാനും ഇറാന്റെ തടഞ്ഞ ഫണ്ടുകള്‍ വിട്ടുകൊടുക്കാനും യു.എസ് തയ്യാറാവണം, ലെബനന്‍, ഗാസ എന്നിവിടങ്ങള്‍ അടക്കം പശ്ചിമേഷ്യന്‍ മേഖലയിലുള്ള മുഴുവന്‍ സംഘര്‍ഷങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് പൂര്‍ണമായി തുറക്കുന്നതിനായി ആറ് നിബന്ധനകള്‍ ഇറാന്‍ അടുത്തിടെ മുന്നോട്ടുവെച്ചിരുന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി തലവന്‍ മുഹമ്മദ് ബാഘര്‍ സോലഘാദ്റിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ നിബന്ധനകള്‍.

ഇറാനെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുതെന്നും ഇറാനുമായും മേഖലയിലെ സായുധ സഖ്യകക്ഷികളുമായും ഉള്ള അമേരിക്കന്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും അടക്കമുള്ള നിബന്ധനകള്‍ ബാഘറിന്റെ പ്രസ്താവനയിലുള്ളത്.

ഇറാന്‍ തുറമുഖങ്ങളുടെ മേലുള്ള അമേരിക്കന്‍ നാവിക ഉപരോധവും, സൈന്യത്തെയും പിന്‍വലിക്കണം, യുദ്ധങ്ങള്‍ക്കൊണ്ട് ഇറാനുണ്ടായ നഷ്ടത്തിന് അമേരിക്ക പൂര്‍ണമായും നഷ്ടപരിഹാരം നല്‍കണം തുടങ്ങണമെന്ന ആവശ്യങ്ങളും പ്രസ്താവനയിലുണ്ട്. പിടിച്ചെടുത്ത എല്ലാ ആസ്തികളും നിരുപരാധികം വിട്ടു നല്‍കണമെന്നും ഇറാന്‍ യു.എസിനോട് ആവശ്യപ്പെടുന്നു.

ഉപാധികള്‍ യു.എസ് അംഗീകരിക്കുന്നത് അനുസരിച്ചായിരിക്കും ഹോര്‍മുസ് തുറക്കുന്ന കാര്യം പരിഗണിക്കുക എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും (ഐ.ആര്‍.ജി.സി) വ്യക്തമാക്കിയിട്ടുണ്ട്. ‘എപ്പോഴാണോ ഇറാന്റെ നിബന്ധനകള്‍ യു.എസ് അംഗീകരിക്കുന്നത്, അപ്പോള്‍ ഹോര്‍മുസ് തീര്‍ച്ചയായും തുറക്കും,’ എന്നാണ് ഐ.ആര്‍.ജി.സി വക്താവ് ഹുസൈന്‍ മൊഹെബി പറഞ്ഞത്.

Content Highlight: Pakistan says US and Iran close to ‘some sort’ of deal

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more