| Thursday, 24th April 2025, 7:35 am

ഇന്ത്യയ്‌ക്ക് മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി; സുരക്ഷാ കൗൺസിൽ യോഗം ചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെയുള്ള നടപടികളിൽ ഇന്ത്യക്ക് മറുപടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്. ഇസ്‌ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന് ചേരും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ നേതൃത്വത്തിലാണ് യോഗം.

പാക് സേനകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതികരിച്ച ആസിഫ്, ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ചു. പാകിസ്ഥാനാണ് ഭീകരവാദത്തിൻ്റെ വലിയ ഇരകളിൽ ഒന്നെന്നും ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക് മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാൻ വിളിച്ച് വരുത്തുമെന്നാണ് കരുതുന്നത്.

26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ബുധനാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെയാണ് ക്വാജ ആസിഫിന്റെ പ്രതികരണം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ ഒരു യോഗം നടക്കുമെന്നും ഇന്ത്യയുടെ നടപടികൾക്ക് ഉചിതമായ മറുപടി നൽകാൻ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സേന മേധാവികളും പ്രധാന കാബിനറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത സിന്ധു നദീ ജല കാരാർ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളിൽ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് മുപ്പതായി വെട്ടിക്കുറക്കാനും തീരുമാനമുണ്ട്.

Content Highlight: Pakistan’s top civil and military leadership to meet on April 24 to formulate response to India’s move: Defence Minister Asif

We use cookies to give you the best possible experience. Learn more