ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്ര നിമിഷത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത്. യുവതാരം വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ മാറ്റി നിര്‍ത്തിയാണ് യുവ താരത്തിന് അവസരം നല്‍കിയത്.
വൈഭവ് കളത്തിലിറങ്ങിയതോടെ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി.
ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്നാണ് താരം 15ാം വയസില്‍ അരങ്ങേറ്റം കുറിച്ചത്. സച്ചിന് 16 വയസും 205 ദിവസവും പ്രായമുള്ളപ്പോളാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. 15 വയസും 99 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ നേട്ടം.
എന്നാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവ് അല്ല. ഇതിന് മുമ്പ് ഒരുപിടി യുവതാരങ്ങള്‍ ഇത്തരത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഒരു വനിതാ താരത്തിന്റെ പേരിലാണുള്ളത്. പാകിസ്ഥാന്‍ താരമായ സജ്ജിദ ഷായാണ് ഈ ചരിത്ര റെക്കോഡിന്റെ ഉടമ. 12 വയസും 171 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2000ത്തില്‍ അയര്‍ലാന്‍ഡിനെതിരെയാണ് സജ്ജിദ ഷാ അരങ്ങേറ്റം കുറിച്ചത്.
പുരുഷ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം റൊമാനിയയുടെ മരിയന്‍ ഗെരാസിമിന്റാണ്. 14 വയസും 16 ദിവസവും പ്രായമുള്ളപ്പോഴാണ് മരിയന്‍ ആദ്യ മത്സരം കളിച്ചത്. എന്നാല്‍ പൂര്‍ണ അംഗ രാജ്യങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍ പാകിസ്ഥാന്റെ ഹസന്‍ റസായാണ്. 1996ല്‍ സിംബാബ്വെക്കെതിരെ ഹസന്‍ കളത്തിലിറങ്ങുമ്പോള്‍ 14 വയസും 227 ദിവസവുമായിരുന്നു പ്രായം.
അതേസമയം തന്റെ അരങ്ങേറ്റ മത്സരത്തില്‍ 10 പന്തില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 14 റണ്‍സ് നേടിയാണ് വൈഭവ് മടങ്ങിയത്. അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ താരം ആദ്യ സിക്സര്‍ പറത്തിയത് അറ്റാക്കിങ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിനെയായിരുന്നു. വില്‍ ജാക്സിന്റെ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്ത് ബിഗ് ഹിറ്റിന് ശ്രമിച്ചപ്പോള്‍ 15കാരനെ ജോസ് ബട്ലര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.
നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ജൂലൈ ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ വൈഭവിന് വീണ്ടും അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Pakistan’s Sajida Shah becomes youngest player to make international debut, not Vaibhav Suryavanshi