ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ ആണവായുധ പദ്ധതി സമാധാന ആവശ്യത്തിനും സ്വയം പ്രതിരോധത്തിനും വേണ്ടിയുള്ളതാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടയില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമോയെന്ന അഭ്യൂഹത്തെ നിരസിച്ചു കൊണ്ടായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവന.
ഇസ്‌ലാമാബാദില്‍ വെച്ച് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളുടെ ഒരു സംഘത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
ഇന്ത്യയുമായി നാല് ദിവസം നീണ്ട് നിന്ന സംഘര്‍ഷത്തിനിടെ പാകിസ്ഥാന് 55 ഓളം പൗരന്മാരെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ആക്രമണങ്ങളെ പാകിസ്ഥാന്‍ പൂര്‍ണ ശക്തിയെടുത്ത് തിരിച്ചടിച്ചെന്നും ഷെഹബാസ് ഷരീഫ് കൂട്ടിച്ചേര്‍ത്തു.
ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ പാകിസ്ഥാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും ദേശീയ പ്രതിരോധത്തിനും വേണ്ടിയുള്ളതാണെന്നും ആക്രമണത്തിന് വേണ്ടിയല്ലായെന്നും ഷെരീഫ് പറഞ്ഞു.
ഏപ്രില്‍ 22ന് 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി, പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ സൈനിക ഓപ്പറേഷന് ഇന്ത്യ പേരിട്ടത്. മൂന്ന് സായുധ സേനകളും സംയുക്തമായാണ് ആക്രമണം നടത്തിയത്.
മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ജെയ്ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു.
പാകിസ്ഥാനിലെ ബഹവല്‍പൂരില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനടക്കമുള്ള കുടുംബത്തിലെ പത്ത് അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു.
Content Highlight: Pakistan’s nuclear programme is for peaceful activities and self-defence says Shehbaz Sharif