| Friday, 7th March 2025, 6:37 am

ഒടുവില്‍ പാകിസ്ഥാന്റെ തോല്‍വിക്കുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തി; ആരെ കുറ്റപ്പെടുത്തണമെന്ന് മുന്‍ സെലക്ടര്‍ക്ക് വ്യക്തമായി അറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരാശാജനകമായ പ്രകടനമാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമായി എത്തിയ ടീമിന് ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ പുറത്തായത്.

ഗ്രൂപ്പ്ര് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും പരാജയപ്പെട്ട പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയായിരുന്നു പാകിസ്ഥാന്റെ അവസാന മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.

ടീമിന്റെ മോശം പ്രകടനത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ടീമിന്റെ മോശം പ്രകടനത്തിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് മുന്‍ പാക് സൂപ്പര്‍ താരവും  ടീമിന്റെ ഇടക്കാല പരിശീലകനുമായ ആഖിബ് ജാവേദ്. തുടര്‍ച്ചയായി പരിശീലകര്‍ മാറുന്നതാണ് ടീമിന്റെ പരാജയങ്ങള്‍ക്ക് കാരണമെന്നാണ് ആഖിബ് ജാവേദ് ചൂണ്ടിക്കാട്ടുന്നത്. ഈ മാറ്റങ്ങള്‍ ടീമിന് ഒരു തരത്തിലും ഗുണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആഖിബ് ജാവേദ്

‘കഴിഞ്ഞ 16 വര്‍ഷത്തിനിടെ 16 പരിശീലകരെയും 26 ചീഫ് സെലക്ടര്‍മാരെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു,’ പാകിസ്ഥാന്‍ ലിമിറ്റഡ് ഓവര്‍ ടീമിലെ മാറ്റങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ആഖിബ് ജാവേദ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ലോകത്തിലെ ഏത് ടീമിലും ഈ ഫോര്‍മുല പരീക്ഷിച്ചാലും, അവര്‍ക്കും ഇതേ അവസ്ഥ തന്നെയായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചെയര്‍മാന്‍ മുതല്‍ താഴെ വരെ, ടീമിന്റെ ആദ്യാവസാനം സ്ഥിരതയുണ്ടായില്ലെങ്കില്‍ പാകിസ്ഥാന് ഒരിക്കലും മെച്ചപ്പെടാന്‍ സാധിക്കില്ല,’ ആഖിബ് ജാവേദ് വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറില്‍ മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ജേസണ്‍ ഗില്ലെസ്പി പാകിസ്ഥാന്റെ പരിശീലകസ്ഥാനം രാജിവെച്ചിരുന്നു. രണ്ട് വര്‍ഷത്തേക്ക് പരിശീലകനായി ചുമതലയേറ്റ താരം, എട്ട് മാസത്തിനകം ആ ചുമതല ഒഴിയുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന പരമ്പരയ്ക്ക് മുമ്പായിരുന്നു ഗില്ലെസ്പി പാകിസ്ഥാന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്.

ജേസണ്‍ ഗില്ലെസ്പി

ഒക്ടോബറില്‍ ഗാരി കേഴ്സ്റ്റണ്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാക് ടീമില്‍ നിന്നും പടിയിറങ്ങുന്ന രണ്ടാമത് വിദേശിയാണ് ഗില്ലെസ്പി. നിലവില്‍ ആഖിബ് ജാവേദാണ് ടീമിന്റെ ഇടക്കാല പരിശീലകന്‍. ചാമ്പ്യന്‍സ് ട്രോഫി വരെ ചുമതലയേറ്റ അദ്ദേഹം, പുതിയ പരിശീലകനെത്തും വരെ ആ സ്ഥാനത്ത് തുടര്‍ന്നേക്കും.

അതേസമയം, ന്യൂസിലാന്‍ഡിനെതിരെ അവരുടെ തട്ടകത്തില്‍ നടക്കുന്ന ലിമിറ്റഡ് ഓവര്‍ പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് പാകിസ്ഥാന്‍. മാര്‍ച്ച് 16ന് ആരംഭിക്കുന്ന പര്യടനത്തില്‍ അഞ്ച് ടി-20കളും നാല് ഏകദിനങ്ങളുമാണ് പാക് പട ന്യൂസിലാന്‍ഡിലെത്തി കളിക്കുക.

Content Highlight: Pakistan’s interim coach Aaqib Javed about team’s underwhelming  performance in Champions Trophy

Latest Stories

We use cookies to give you the best possible experience. Learn more